കോട്ടയം: കിണറ്റിനുള്ളിൽ വീണ പൂച്ചയെ രക്ഷിക്കാൻ മദ്യ ലഹരിയിൽ കിണറ്റിൽ ഇറങ്ങിയ യുവാവ് നാട്ടുകാർക്കും പൊലീസിനും തലവേദനയായി. ഒടുവിൽ അഗ്നിശമനസേനയെത്തി വലയുപയോഗിച്ചാണ് ഇയാളെ പുറത്തെത്തിച്ചത്. അതിരമ്പുഴ കോട്ടമുറിയിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം.കോട്ടമുറി ഇന്ദിരാ പ്രിയദർശിനി കോളനി താമസക്കാരനായ മധുവാണ് (36) കുടുങ്ങിയത്.
ഇവിടുത്തെ റിട്ടയേർഡ് പൊലീസുകാരന്റെ കിണറ്റിലാണ് പൂച്ച വീണത്. ഇക്കാര്യം അറിഞ്ഞ മധു താൻ പൂച്ചയെ രക്ഷിക്കുമെന്ന് വിളിച്ച് പറഞ്ഞുകൊണ്ട് കിണറ്റിലേക്ക് ഇറങ്ങുകയായിരുന്നു. ഏറെ നേരം പരിശ്രമിച്ചെങ്കിലും പൂച്ചയെ രക്ഷിക്കാൻ ആയില്ല. ഇതോടെ താൻ ഇനി പൂച്ചയെ രക്ഷിച്ചിട്ടേ കയറൂ എന്നായി മധുവിന്റെ നിലപാട്. തുടർന്ന് സമീപവാസികൾ അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. അഗ്നിശമനസേനയെത്തി കയർ ഇട്ടുകൊടുത്തെങ്കിലും പൂച്ചയെ രക്ഷിച്ചിട്ടേ കയറി വരൂ എന്നാവർത്തിക്കുകയായിരുന്നു. ഇതോടെ തങ്ങൾ കിണറ്റിലേക്ക് ഇറങ്ങുമെന്ന് സേനാംഗങ്ങൾ ഭീഷണിപ്പെടുത്തിയതോടെയാണ് ഇയാൾ മുകളിലേക്ക് കയറാൻ തയ്യാറായത്. തുടർന്ന് അഗ്നിശമനസേനാംഗങ്ങൾ ഇട്ടുകൊടുത്ത വലയിൽ കയറി ഇയാൾ മുകളിലെത്തുകയായിരുന്നു.