boffalo

കോട്ടയം: ഈസ്റ്റർ ആഘോഷിക്കാൻ പെരിയാർ കടുവാ സങ്കേതത്തിൽ കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് മാംസം കടത്തിയ സംഭവത്തിൽ അന്വേഷണം കൂടുതൽ ആളുകളിലേക്ക്. സംഭവത്തിൽ ആദിവാസികൾ ഉൾപ്പെട്ട അഞ്ച് പേരെ വനപാലകർ പിടികൂടിയിരുന്നു. വനത്തിനുള്ളിൽ കാത്തുപോത്തിന്റെ തലയും മറ്റും കണ്ടെത്തിയതിനെ തുടർന്ന് വനംവകുപ്പ് നടത്തിയ അന്വേഷണത്തിൽ മൃഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതാകാമെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. എന്നാൽ വനത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് കാട്ടുപോത്ത് വേട്ടക്കാരുടെ ക്രൂരത പുറത്തായത്. കണയങ്കവയൽ നെല്ലിമലയിൽ സജി ജോസഫ് (40), പന്തമാക്കൽ സിജോ ഫിലിപ്പ് (38), കൊയ്നാട് മധുരങ്കപ്പള്ളിയിൽ മാർട്ടിൻ(50), ആദിവാസി മലപണ്ടാര വിഭാഗത്തിൽപ്പെട്ട കരുമാടി എന്ന് വിളിക്കുന്ന രതീഷ്, ചന്ദ്രൻ എന്നിവരാണ് കേസിൽ ഇതുവരെ പിടിയിലായത്. അഴുത റേഞ്ച് ഓഫീസർ പ്രിയ ടി. ജോസഫ്, പമ്പ റേഞ്ച് ഓഫിസർ എം. അജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളിൽ നിന്നും രണ്ട് തോക്കുകളും കാട്ടുപോത്തിന്റെ ഇറച്ചി കൊണ്ടുപോകാൻ ഉപയോഗിച്ച ജീപ്പും പിടിച്ചെടുത്തിരുന്നു.

കഴിഞ്ഞ 19 നാണ് കേസിനാസ്പദമായ സംഭവം. പെരിയാർ കടുവാ സങ്കേതത്തിന്റെ അഴുത റേഞ്ചിൽ ഉൾപ്പെട്ട സത്രം സീതകുളത്തിന് സമീപത്ത് നിന്നാണ് കാട്ടുപോത്തിന്റെ തലയും ശരീര അവശിഷ്ടങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

അന്വേഷണത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് നായാട്ട് സംഘത്തിന് വനത്തിനുള്ളിലേക്ക് വഴി കാട്ടിയതെന്ന് വ്യക്തമായിരുന്നു. കാട്ടുപോത്തിനെ വെടിവെച്ചിട്ട ശേഷം പ്രതികൾ സ്ഥലത്ത് വെച്ചു തന്നെ ഇറച്ചിയാക്കി ജീപ്പിൽ കയറ്റി കൊണ്ടുപോയി. ചോദ്യം ചെയ്യലിൽ പ്രതികൾ കള്ളിപ്പാറ വനമേഖലയിൽ നിന്ന് മാസങ്ങൾക്ക് മുമ്പ് കാട്ടുപോത്തിനെ വെടിവെച്ച് കടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഒരുകിലോ ഇറച്ചി 1500 രൂപയ്ക്കാണ് വിൽപ്പന നടത്തിയിരുന്നതെന്നാണ് പ്രതികൾ പറയുന്നത്