സിഡ്നി: ഒാസ്ട്രേലിയയിൽ പൂച്ചകൾക്ക് കഷ്ടകാലം. ഇരുപതുലക്ഷം പൂച്ചകളെ അടുത്തവർഷത്തോടെ കൊന്നൊടുക്കാനാണ് അധികൃതരുടെ തീരുമാനം. പെറ്റുപെരുകി ജനങ്ങൾക്ക് ശല്യമായതോടെ ഇൗ കടുത്തവഴി തേടിയതെന്നാണ് ഒൗദ്യോഗിക വിശദീകരണം. ക്രമാതീതമായി പെരുകിയ പൂച്ചകൾ പക്ഷികളേയും മറ്റ് ചെറു ജീവികളേയും കൊന്നു തിന്നുന്നത് പാരിസ്ഥിതിക പ്രശ്നവുമുണ്ടാക്കുന്നുണ്ട്.
അറുപതുലക്ഷത്തോളം പൂച്ചകൾ ആസ്ട്രേലിയയുടെ തെരുവിലുണ്ട് എന്നാണ് കണക്കുകൾ കാണിക്കുന്നത്. അയൽപക്കമായ ന്യൂസിലൻഡിലും സമാന അവസ്ഥയാണ് .2015 ലാണ് അലഞ്ഞ് തിരിഞ്ഞു നടക്കുന്ന പൂച്ചകളെ കൊല്ലാനുള്ള പദ്ധതി ഒാസ്ട്രേലിയ തുടങ്ങിയത്. ആദ്യവർഷത്തിൽ രണ്ട് ലക്ഷത്തോളം പൂച്ചകളെ കൊന്നൊടുക്കിയെന്നാണ് അധികൃതർ പറയുന്നത്. കെണിവച്ചുപിടിച്ചും വെടിവച്ചുമാണ് അന്ന് പൂച്ചകളെ കൊന്നതെങ്കിൽ ഇപ്പോൾ വിഷം വച്ചാണ് കൊല്ലുന്നത്. കംഗാരുവിന്റയും കോഴിയുടെയും ഇറച്ചി പാകം ചെയ്തശേഷം അതിൽ വിഷം കലർത്തി പൂച്ചകൾക്ക് നൽകുകയാണ് ചെയ്യുന്നത്.
വിഷം കലർന്ന ഇറച്ചി കഴിച്ചാൽ പതിനഞ്ചുമിനിട്ടിനുള്ളിൽ മരണം ഉറപ്പ്. ചത്തുവീഴുന്ന പൂച്ചകളെ നീക്കം ചെയ്യാനായി പ്രത്യേക ആൾക്കാരെയും നിയമിച്ചിട്ടുണ്ട്. ജനങ്ങൾക്ക് പ്രശ്നമുണ്ടാകാത്ത തരത്തിൽ പൂച്ചകളെ മറവുചെയ്യും. പൂച്ചകളെ കൊന്നൊടുക്കാനുള്ള തീരുമാനത്തിനെതിരെ മൃഗസ്നേഹികളും പരിസ്ഥിതി വാദികളും രംഗത്തെത്തിയിട്ടുണ്ട്. ചില ജീവിവർഗങ്ങൾ നാശത്തിന്റെ വക്കിലെത്തിയതിനുകാരണം പൂച്ചകളല്ലെന്നും വനനശീകരണവും നഗരവത്കരണവും ഖനനവുമാണെന്നാണ് അവർ പറയുന്നത്. സർക്കാർ നീക്കത്തിനെതിരെ വൻ പ്രതിഷേധമുയർത്താനാണ് അവരുടെ തീരുമാനം.