novel

ചന്ദ്രകല!

കുറച്ചുസമയമായി അവൾ അവിടെ നിൽക്കുകയായിരുന്നു.

വളരെ ശ്രദ്ധിച്ചപ്പോൾ അകത്തെ സംഭാഷണങ്ങൾ അവൾക്കു കേൾക്കാൻ കഴിഞ്ഞു.

പാഞ്ചാലി, വിവേകിനോട് 'ഐ ലവ് യൂ" പറഞ്ഞതും ഒന്നു പൊട്ടിച്ചിരിക്കണം എന്നു തോന്നി ചന്ദ്രകലയ്ക്ക്.

കാര്യങ്ങൾ താനും പ്രജീഷും ആലോചിച്ചുറപ്പിച്ചിടത്തേക്കു അടുത്തുകൊണ്ടിരിക്കുകയാണ്.

ഇവൾ, അവനെ പ്രേമിച്ചില്ലെങ്കിൽ സൂസനെക്കൊണ്ട് അതിനു പ്രേരിപ്പിക്കണം എന്നു കരുതിയിരുന്നതാണ്.

ഭാഗ്യം തങ്ങൾക്കൊപ്പമാണ്. വിജയഭാവത്തിൽ ചന്ദ്രകല തിരിച്ചു നടന്നു.

ദിവസങ്ങൾ കടന്നു പോയി. ചന്ദ്രകല, പാഞ്ചാലിയോട് സംസാരിക്കാറേയില്ല.

സൂസന്റെ സഹായിയും സഹചാരിണിയുമായ രാജമ്മയാണ് ഇപ്പോൾ കോവിലകത്തിന്റെ അടുക്കള ഭരണം.

സൂസന് പ്രീയപ്പെട്ട വിഭവങ്ങളാണ് അവർ ഉണ്ടാക്കുന്നതെങ്കിലും അതൊക്കെ ചന്ദ്രകലയ്ക്കും ഇഷ്ടമായിരുന്നു.

സൂസൻ, സ്നേഹപൂർവം പാഞ്ചാലിയെ തീൻമേശയിൽ വിളിച്ചു വരുത്തുകയും അവൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു.

സൂസനുമായി പാഞ്ചാലിക്ക് വല്ലാത്തൊരു ഹൃദയബന്ധമായി. ചന്ദ്രകലയിൽ നിന്ന് വിവരം അറിഞ്ഞെങ്കിലും സൂസൻ സൂത്രത്തിൽ പാഞ്ചാലിയുടെ നാവിൽ നിന്ന് വിവേകുമായുള്ള ഇഷ്ടം ചുരണ്ടിയെടുത്തു. അവൾക്കു വേണ്ടത്ര പ്രോത്സാഹനം നൽകുകയും ചെയ്തു.

''ഒരാൾ നമ്മളെ സ്നേഹിക്കാനുള്ളതും നമുക്ക് ഒരാളെ സ്നേഹിക്കാനുള്ളതും എപ്പോഴും നല്ല കാര്യമാ മോളേ... മനസ്സിൽ എപ്പോഴും ഒരു ഉണർവ്വ് ഉണ്ടായിക്കൊണ്ടിരിക്കും."

അത് കേട്ടപ്പോൾ പാഞ്ചാലിയുടെ കണ്ണുകളിൽ നക്ഷത്രങ്ങൾ തെളിഞ്ഞു.

അവളുടെ നെറ്റിയിലെ സ്റ്റിച്ചുകൾ എടുക്കുകയും ബാൻഡേജ് നീക്കുകയും ചെയ്തിരുന്നു.

''പിന്നെ ഒരു കാര്യം..."

സൂസൻ ഓർമ്മപ്പെടുത്തി.

''എന്താ ആന്റീ?" പാഞ്ചാലി തല ചരിച്ച് അവളെ നോക്കി.

''സ്നേഹിക്കുന്നവരെ ഒരിക്കലും വഞ്ചിക്കരുത്. അത് അവർക്കു താങ്ങാനാവില്ല."

''ഇല്ല ആന്റീ. ഞാൻ ഒരിക്കലും വിവേകിനെ വഞ്ചിക്കില്ല... വിവേകും എന്നെ ചതിക്കില്ല."

അക്കാര്യത്തിൽ പാഞ്ചാലിക്ക് സംശയമേതുമില്ല.

''അവനെ അടുത്ത് കാണണം എന്നില്ലേ നിനക്ക്? അവന്റെ സാമിപ്യം നീ കൊതിക്കുന്നില്ലേ?"

ഇടം കണ്ണിട്ട് അവളെ നോക്കിക്കൊണ്ടായിരുന്നു സൂസന്റെ ചോദ്യം.

പാഞ്ചാലിയുടെ മുഖം നാണത്താൽ പൂത്തുലയുന്നത് അവൾ കണ്ടു.

''നിനക്ക് അവനെ കാണണോ മോളേ? "ചുറ്റും നോക്കിക്കൊണ്ടാണ് സൂസൻ തിരക്കിയത്.

പാഞ്ചാലി തലയാട്ടി.

കോവിലകത്തിന്റെ വിശാലമായ മുറ്റത്തെ ഗാർഡനിലായിരുന്നു ഇരുവരും.

''ഞാൻ അതിനുള്ള വഴിയൊരുക്കാം. ഇവിടെ അടുത്തല്ലേ ആഢ്യൻപാറ? ഒരുപാട് ടൂറിസ്റ്റുകൾ വരുന്ന സ്ഥലം?"

''അതെ."

''നീ അവനെ അവിടേക്ക് ക്ഷണിക്ക്. നാളെയോ മറ്റെന്നാളോ. നിന്നെ ഞാൻ കൊണ്ടുപോകാം."

സന്തോഷത്തിനിടയിലും പാഞ്ചാലിയുടെ മനസ്സിൽ ഒരു മുള്ളു കൊണ്ടു.

''മമ്മി അറിഞ്ഞാൽ..."

''അറിയില്ല. അക്കാര്യം മോള് ആന്റിക്ക് വിട്ടേര്."

സൂസൻ തന്റെ ഫോൺ എടുത്ത് അവൾക്കു നീട്ടി.

''അവനെ വിളിക്ക്. വിവേകിനെ."

പാഞ്ചാലി ഒന്നു മടിച്ചു.

''അവന് ഫോണില്ല ആന്റീ. അവന്റെ അമ്മമ്മേടെ ഫോണിലാ ഞാൻ വിളിക്കുക."

''അത് സാരമില്ല. ആഢ്യൻപാറയിൽ വരുമ്പോൾ ഞാൻ അവനൊരു പുതിയ ഫോൺ കൊടുക്കുന്നുണ്ട്. തൽക്കാലം അവന്റെ അമ്മമ്മയെ വിളിക്ക്."

സൂസന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങുമ്പോൾ അത്യധികം ആഹ്ലാദവതിയായിരുന്നു പാഞ്ചാലി.

ഈ ആന്റിക്ക് തന്നോട് എത്ര സ്നേഹമാണ് എന്ന് അവൾ ഓർത്തു.

പാഞ്ചാലി, സുധാമണിയെ വിളിച്ചു. എന്നാൽ ഇത്തവണ കാൾ അറ്റന്റു ചെയ്തത് വിവേക് തന്നെയായിരുന്നു.

അവൻ തന്റെ കാൾ പ്രതീക്ഷിച്ചിരുന്നു എന്ന് പാഞ്ചാലിക്കു തോന്നി. പക്ഷേ ഈ നമ്പർ അവന് അറിയില്ലല്ലോ...

അവന്റെ സ്വരത്തിലും അത് വ്യക്തമായിരുന്നു.

''ഹലോ. ആരാണ്?"

''ഞാനാ വിവേക്...."

''ങ്‌ഹേ?" അവന് ആശ്ചര്യം.

''ഈ നമ്പർ ആരുടേതാ?"

''സൂസൻ ആന്റീടേതാ..."

''കുഴപ്പമാകുമോ?"

''ഇല്ല. നമ്മുടെ എല്ലാ കാര്യങ്ങളും ആന്റിക്കറിയാം. പിന്നെ ഞാനിപ്പോൾ വിളിച്ചത് മറ്റൊരു കാര്യം പറയാനാ."

''എന്താ?"

''വിവേക് ആഢ്യൻപാറയ്ക്ക് ഒന്നു വരുമോ... നാളെയോ മറ്റന്നാളെയോ.. എനിക്ക് കാണണം.. ഒത്തിരി സംസാരിക്കണം...."

സൂസൻ അടുത്തുള്ളതു പോലും പാഞ്ചാലി വിസ്മരിച്ചു.

അവർ ഇരുവരും കുറേനേരം സംസാരിച്ചു.

''എങ്കിൽ മറ്റന്നാൾ വൈകിട്ട് ഞാൻ ആഢ്യൻപാറയിൽ വരാം. നാലുമണിക്ക്." വിവേക് അറിയിച്ചു.

''ശരി."

പാഞ്ചാലിയുടെ കയ്യിൽ നിന്നു ഫോൺ മടക്കിവാങ്ങുമ്പോൾ സൂസൻ ഓർത്തു.

രണ്ടാം ഘട്ടവും കഴിഞ്ഞു!

(തുടരും)