കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ വലിയ രീതിയിൽ യു.ഡി.എഫ് പെട്ടിയിലേക്ക് എത്തിയിട്ടുണ്ടെന്നും ഇതുമൂലം 17 മുതൽ 18 വരെ സീറ്റുകൾ തങ്ങൾക്ക് ലഭിക്കുമെന്നും മുസ്‌ലിം ലീഗിന്റെ വിലയിരുത്തൽ.അഭിമാനപ്പോരാട്ടം പോലെ കണ്ടിരുന്ന വടകരയിൽ കെ.മുരളീധരൻ വൻ ഭൂരിപക്ഷത്തിൽ ജയിക്കും. ഇവിടെ ലീഗ് ഏറ്റെടുത്ത് നടത്തിയ പ്രചാരണങ്ങളെല്ലാം വിജയിച്ചതായും സംസ്ഥാന സമിതി യോഗത്തിന് ശേഷം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 2,10000 വോട്ടിന്റെ ഭൂരിപക്ഷവും പൊന്നാനിയിൽ ഇ.ടി.ബഷീറിന് ഏകദേശം 70,000 വോട്ടിന്റെ ഭൂരിപക്ഷവും ലഭിക്കുമെന്നും ലീഗ് വിലയിരുത്തുന്നു. രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം വരെ ലഭിക്കുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. മാത്രമല്ല ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ കൈക്കൊണ്ട നിലപാട് യു.ഡി.എഫിന് വോട്ടായി മാറിയിട്ടുണ്ടെന്നും ലീഗ് വിലയിരുത്തി.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ കോൺഗ്രസ് പങ്കാളിത്തത്തെ കുറിച്ച് സംസ്ഥാന സമിതിയിൽ വിമർശനമുണ്ടായി. പലയിടങ്ങളിലും പ്രവർത്തനങ്ങളിൽ കോൺഗ്രസ് മുന്നിട്ടിറങ്ങിയില്ലെന്ന് കോഴിക്കോട് ചേർന്ന ലീഗ് സംസ്ഥാന സമിതി യോഗം വിലിയിരുത്തി. പ്രധാനമായും വടകരയിലേയും കോഴിക്കോട്ടെയും പ്രചാരണ പ്രവർത്തനങ്ങളിലാണ് ലീഗിന് അതൃപ്തിയുള്ളത്. നിർണായക മത്സരം നടന്ന ഇവിടങ്ങളിൽ താഴേതട്ടിൽ കോൺഗ്രസ് പ്രവർത്തിച്ചില്ലെന്ന് ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടി. വടകരയിലും കോഴിക്കോട്ടും കോൺഗ്രസിന്റെ സംഘടനാ ശക്തി ഉണർന്നില്ലെന്നും നിർജ്ജീവമായിരുന്നുവെന്നും വിമർശനമുണ്ട്. ശക്തമായ മത്സരം നടന്ന വടകരയിൽ ആദ്യഘട്ടം മുതലേ ലീഗിന്റെ വലിയ പിന്തുണയായിരുന്നു മുരളീധരന് ലഭിച്ചത്. എതിർ സ്ഥാനാർത്ഥി പി.ജയരാജനായത് കൊണ്ട് തന്നെ കൈമെയ് മറുന്നുള്ള പ്രവർത്തനമായിരുന്നു ലീഗിന്റേത്. ഇക്കാര്യം മുരളീധരൻ തന്നെ സമ്മതിക്കുന്നുണ്ട്. തങ്ങൾക്ക് സ്വാധീനമുള്ളയിടങ്ങളിലെല്ലാം വീട് കയറി പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിച്ചതും ലീഗ് പ്രവർത്തകർ തന്നെയായിരുന്നു.