കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ 40 എം.എൽ.എമാർ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം ബി.ജെ.പിയിലേക്ക് കൂറുമാറുമെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തയിലെ സെറാംപൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ സംസാരിക്കുകയായിരുന്നു മോദി. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഡൽഹിയിലേക്ക് ദൂരമേറെയുണ്ടെന്നും മമതയുടെ കാൽച്ചുവട്ടിലെ രാഷ്ട്രീയമണ്ണ് ഒലിച്ചുപോകുകയാണെന്നും മോദി പരിഹസിച്ചു.
''ദീദി, മേയ് 23ന് തിരഞ്ഞെടുപ്പ് ഫലംവരുമ്പോൾ എല്ലായിടത്തും താമര വിരിയും. നിങ്ങളുടെ എം.എൽ.എമാർ നിങ്ങളെവിട്ട് ഓടിപ്പോകും. ഇന്നുപോലും നിങ്ങളുടെ 40 എം.എൽ.എമാർ എന്നെ വിളിച്ചിരുന്നു." മോദി പറഞ്ഞു. ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതയ്ക്കെതിരെയും മോദി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ''ജനങ്ങളെ ചതിച്ചുകൊണ്ട് ഇനിയും മുഖ്യമന്ത്രിയായിരിക്കാൻ നിങ്ങൾക്ക് പാടാണ്. അനുവാദത്തിനും പ്രവേശനത്തിനും ഉൾപ്പെടെ ആളുകൾ പണമെറിയേണ്ടിവരുന്നു. നിങ്ങളുടെ ആദർശങ്ങളുമായി ഒത്തുപോകാത്തവർ തൂക്കിലേറുന്നു. "മോദി ആരോപിച്ചു. ബി.ജെ.പി നേതാക്കളെ പ്രചാരണം നടത്താൻ പോലും തൃണമൂൽ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ബംഗാളിൽ ബി.ജെ.പി പ്രവർത്തകർ ആക്രമിക്കപ്പെടുന്നുവെന്നും തൃണമൂൽ പ്രവർത്തകർ ബൂത്തുകൾ കൈയേറി വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി ഇന്നലെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് (ഇ.വി.എം) എതിരെയുള്ള പ്രതിപക്ഷ വിമർശനങ്ങളെയും മോദി രൂക്ഷമായ ഭാഷയിലാണ് പരിഹസിച്ചത്. നേരത്തേ മോദിയെ മാത്രമായിരുന്നെങ്കിലും ഇപ്പോഴവർ
വോട്ടിംഗ് യന്ത്രത്തെയും അപമാനിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി മുന്നിൽക്കണ്ടാണു പ്രതിപക്ഷം വോട്ടിംഗ് യന്ത്രത്തെ കുറ്റം പറയുന്നത്- മോദി പറഞ്ഞു.