കൊച്ചി : എറണാകുളം ലോക്‌സഭ മണ്ഡലത്തിനു കീഴിലുള്ള കളമശേരി നിയമസഭ മണ്ഡലത്തിലെ 83-ാം നമ്പർ പോളിംഗ് സ്റ്റേഷനിൽ ഇന്ന് പോളിംഗ് നടക്കും. ഈസ്റ്റ് കടുങ്ങല്ലൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ആഡിറ്റോറിയത്തിലാണ് ബൂത്ത്.
പോൾ ചെയ്തതിനെക്കാൾ കൂടുതൽ വോട്ട് യന്ത്രത്തിൽ കാണിച്ചതിനെ തുടർന്നാണ് ഏപ്രിൽ 23ന് ഈ ബൂത്തിൽ നടന്ന തിരഞ്ഞെടുപ്പ് അസാധുവാക്കിയത്. ബൂത്തിൽ 912 വോട്ടർമാരുണ്ട്. തിരഞ്ഞെടുപ്പു ദിവസം 716 പേർ വോട്ടു ചെയ്യാനെത്തി. വരിനിന്നവരിലൊരാൾ തലകറങ്ങി വീണതിനാൽ രജിസ്റ്ററിൽ പേരുചേർത്ത 715 പേർ മാത്രമേ വോട്ട് രേഖപ്പെടുത്തിയിരുന്നുള്ളൂ. പോളിംഗ് അവസാനിച്ച ശേഷം വോട്ടിംഗ് യന്ത്രം പരിശോധിച്ചപ്പോൾ 758 വോട്ടുകൾ പോൾ ചെയ്തതായാണ് കാണിച്ചത്. 43 അധിക വോട്ടുകൾ.
രാവിലെ ഏഴു മുതൽ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്. രാവിലെ ആറിന് മോക്ക് പോൾ നടത്തും. അഞ്ച് പോളിംഗ് ഉദ്യോഗസ്ഥരും പൊലീസും ഡ്യൂട്ടിയിലുണ്ടാകും. വോട്ടർമാരുടെ ഇടതു കൈയിലെ നടുവിരലിലാണ് മഷി പുരട്ടുക.