ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാണ കമ്പനിയായ മാരുതി സുസുക്കി, കോംപാക്‌റ്ര് എസ്.യു.വിയായ വിറ്റാര ബ്രെസയുടെ നിർമ്മാണം പൂർണമായും ടൊയോട്ടയുടെ ബംഗളൂരുവിലെ പ്ളാന്റിലേക്ക് മാറ്രിയേക്കും. ആദ്യമായാണ് മാരുതി മറ്രൊരു കമ്പനിയുടെ പ്ലാന്റ് ഉപയോഗിക്കാൻ ഒരുങ്ങുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് മാരുതിയുടെ നീക്കം.
മാരുതി സുസുക്കി പൂർണമായും ഇന്ത്യയിൽ രൂപകല്‌പനയും നിർമ്മാണവും നടത്തി പുറത്തെത്തിക്കുന്ന വാഹനമാണ് വിറ്രാര ബ്രെസ. പ്രതിമാസം 13,000 യൂണിറ്രുകളുടെ ശരാശരി വില്‌പന നേടുന്ന ബ്രെസ, ശരാശരി 30,000 യൂണിറ്റുകളുടെ വില്‌പനയുള്ള ശ്രേണിയിലെ ഏറ്റവും ഡിമാൻഡുള്ള മോഡലുമാണ്. ഇന്ത്യയിൽ നിന്ന് ബ്രെസയുടെ കയറ്രുമതിയും മാരുതി നടത്തുന്നുണ്ട്. വാഹനങ്ങളുടെ നിർമ്മാണത്തിയി പ്ളാന്റ് ഉപയോഗിക്കാനും സ്വന്തം ഡീലർഷിപ്പുകളിൽ ഇരു കമ്പനികളുടെയും മോഡലുകൾ വിറ്റഴിക്കാനും മാരുതി സുസുക്കിയും ടൊയോട്ടയും തമ്മിൽ ധാരണയിൽ എത്തിയിരുന്നു.