news

1. കെവിന്‍ കേസില്‍ നിര്‍ണായക സാക്ഷി കൂറുമാറി. 28-ാം സാക്ഷിയും പ്രതികളുടെ സുഹൃത്തുമായ അബിനാണ് മൊഴിമാറ്റിയത്. നേരത്തെ പ്രതികള്‍ക്ക് എതിരെ ഇയാള്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇത് പൊലീസ് ഭീഷണിപ്പെടുത്തി പറയിച്ചതണ് എന്നാണ് വിചാരണക്കിടയില്‍ അബിന്‍ പറഞ്ഞത്. പൊലീസിനെ പേടിച്ച് ആത്മഹത്യക്ക് ശ്രമിച്ചുവെന്നും അബിന്‍ കോടതിയില്‍ പറഞ്ഞു.

2. പ്രതിയായ വിഷ്ണുവിന്റെ സുഹൃത്താണ് അബിന്‍. ഷാനു, ഷിനു, മനു, റിറ്റു എന്നിവരെയും അറിയാം. കൃത്യം നടത്തുന്നതിന് വേണ്ടി പ്രതികള്‍ കോട്ടയത്തേക്ക് തിരിച്ചപ്പോള്‍ അബിനെയും കൂട്ടാന്‍ ശ്രമിച്ചിരുന്നു. കെവിനെ തട്ടിക്കൊണ്ട് വരുന്ന വിവരവും വിഷ്ണു അബിനോട് പറഞ്ഞിട്ടുണ്ട്. കൂടാതെ പ്രതികള്‍ ഉപയോഗിച്ച വാള്‍ ഒളിപ്പിക്കാന്‍ സഹായിച്ചു എന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ചങ്ങനാശേരി കോടതിയില്‍ അബിന്റെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയത്.

3. എന്നാല്‍ വിചാരണ വേളയില്‍ രഹസ്യ മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ അബിന്‍ നിഷേധിച്ചു. പൊലീസ് ഭീഷണിപ്പെടുത്തി പറയിപ്പിച്ചത് ആണെന്ന് അബിന്‍ തിരുത്തി പറഞ്ഞു. അതേസമയം സാക്ഷി കൂറുമാറുമെന്ന് ഉറപ്പായിരുന്നു എന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. വിചാരണയുടെ അഞ്ചാം ദിവസം നീനു താമസിച്ച ഹോസ്റ്റല്‍ വാര്‍ഡനായ ബെന്നി ജോസഫിന്റെയും പ്രതികള്‍ ഭക്ഷണം കഴിച്ച തട്ടുകടയിലെ ജീവനക്കാരന്‍ ബിജു എബ്രാഹാമിന്റെയും വിചാരണ പൂര്‍ത്തിയായി

4. പട്ടണക്കാട് പിഞ്ചു കുഞ്ഞിനെ കൊന്നത് അല്ല എന്ന് അമ്മയുടെ മൊഴി. കുഞ്ഞ് കരഞ്ഞപ്പോള്‍ പെട്ടെന്ന് ദേഷ്യം വന്ന് വായയും മൂക്കും പൊത്തി പിടിച്ചതാണ്. ശ്വാസം മുട്ടി എന്ന് അറിഞ്ഞില്ല എന്നും അബദ്ധം പറ്റിയത് ആണെന്നും പൊലീസിന് അമ്മയുടെ മൊഴി. എന്നാല്‍ ഈ മൊഴി പൂര്‍ണ്ണമായും വിശ്വസിക്കാന്‍ ആവില്ല എന്ന് പൊലീസ്. സംഭവത്തില്‍ മറ്റാര്‍ക്ക് എങ്കിലും പങ്കുണ്ടോ എന്നകാര്യവും അന്വേഷിക്കും

5. കുട്ടിയെ അമ്മ നിരന്തരം മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്ന് ഭര്‍തൃമാതാവ് പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ കുഞ്ഞിന്റെ ദേഹത്ത് മറ്റ് മുറിവുകള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഈ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ മുന്നോട്ടു പോകാന്‍ ആവില്ല. കുട്ടിയുടെ അമ്മയുടെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്. ഇന്നലെ കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ അമ്മ കുറ്റം സമ്മതിക്കുക ആയിരുന്നു

6. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ഉത്തരവിന്മേല്‍ വിവാദ പരാമര്‍ശം ഉന്നയിച്ചത് സംബന്ധിച്ച കോടതി അലക്ഷ്യ കേസി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വീണ്ടും ഖേദം പ്രകടിപ്പിച്ചു. ഇന്ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആണ് ഖേദപ്രകടനം ഉള്ളത്. നിയമ നടപടികള്‍ ദുരുപയോഗിച്ച് റഫാല്‍ വിഷയം ഉന്നയിക്കുന്നതില്‍ നിന്നും തന്നെ തടയാന്‍ ആണ് ബി.ജെ.പി ശ്രമിക്കുന്നത് എന്നും പിഴയോടെ തനിക്ക് എതിരായ കേസ് തള്ളണം എന്നും ആണ് രാഹുല്‍ഗാന്ധി ആവശ്യപ്പെടുന്നത്

7. വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് ഒരാള്‍ മരിച്ചു. തിരുനെല്ലി അപ്പപ്പാറ സ്വദേശി ആണ് മരിച്ചത്. കര്‍ണാടകയില്‍ ജോലിക്ക് പോയപ്പോഴാണ് ഇയാള്‍ക്ക് പനി പിടിച്ചത് എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു

8. ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ പീഡന ആരോപണം സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കേള്‍ക്കാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി. സുപ്രീംകോടതി പരിഗണിക്കുന്ന കേസില്‍ വാദം കേള്‍ക്കാന്‍ ആവില്ല എന്ന് നിരീക്ഷണം. നേരത്തെ മാദ്ധ്യമങ്ങളെ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും വിലക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി ഇരുന്നു

9. സര്‍ക്കാരിന്റെ വിവിധ സാക്ഷരതാ പദ്ധതികളുടെ ഭാഗമായി രണ്ട് വര്‍ഷത്തിനിടെ അന്യ സംസ്ഥാന തൊഴിലാളികള്‍ അടക്കം 63,554 പേര്‍ സാക്ഷരരായതായി വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. അന്യ സംസ്ഥാന തൊഴിലാളികളെ മലയാളം പഠിക്കുന്ന ചങ്ങാതി പദ്ധതിയിലൂടെ 2207 പേര്‍ സാക്ഷരത നേടി എന്നും 42,933 പേര്‍ അക്ഷരലക്ഷം പദ്ധതിയിലൂടെ അക്ഷര വെളിച്ചം നേടി എന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടിയില്‍ നടത്തിയ ഒന്നും രണ്ടും ഘട്ട സാക്ഷരതാ തുല്യതാ പരിപാടികളിലൂടെ 3670 പേരും വയനാട്ടില്‍ ആദ്യഘട്ടത്തിലൂടെ 4309 പേരും സാക്ഷരരായി

10. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ നിരക്കില്‍ കുറവ് രേഖപ്പെടുത്തി. ബാരലിന് 75 ഡോളറിലേക്ക് അടുത്തുകൊണ്ടിരുന്ന അന്താരാഷ്ട്ര എണ്ണവില തിങ്കളാഴ്ച ബാരലിന് 70.77 ഡോളറിലേക്ക് താഴ്ന്നു. യു.എസിന്റെ ഇറാന്‍ ഉപരോധത്തെ തുടര്‍ന്ന് ക്രൂഡ് ഓയിലില്‍ ഉണ്ടാകുന്ന കുറവ് ഒപെക് രാജ്യങ്ങള്‍ ഇടപെട്ട് നികത്തണം എന്ന് കഴിഞ്ഞ ദിവസം ട്രംപ് ആവശ്യപ്പെട്ടിരുന്നു

11. ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ അറസ്റ്റില്‍. ഷമിയുടെ വീട് ആക്രമിച്ച കുറ്റത്തിനാണ് ഭാര്യ ഹസിന്‍ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഷഹാസ്പൂരിലെ അലിനഗര്‍ ഗ്രാമത്തിലുള്ള ഷമിയുടെ വീട്ടിലെത്തി ഹസീന്‍ ജഹാന്‍ ആക്രമണം നടത്തി എന്നാണ് കേസ്. ഷമിയുടെ അമ്മ ഹസിനെ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് പൊലീസ് എത്തി കസ്റ്റഡിയില്‍ എടുക്കുക ആയിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

12. അന്താരാഷ്ട്ര നൃത്ത ദിനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍. പ്രപഞ്ചത്തിലെ എല്ലാത്തിനും ഒരു താളമുണ്ട്. എല്ലാം നൃത്തം ചെയ്യും എന്ന മായ ഏയഞ്ചലോയുടെ വാക്കുകളാണ് മഞ്ജു വാര്യര്‍ സ്വന്തം ചിത്രത്തിനൊപ്പം കുറിച്ചത്. നൃത്തം അതാണ് എനിക്കെല്ലാം. എന്റെ ജീവനേക്കാള്‍ അധികം ഞാന്‍ നൃത്തത്തെ സ്‌നേഹിക്കുന്നു എന്ന് ആശാ ശരത്. ചിലങ്കയില്‍ മുഖം ചേര്‍ത്ത് കണ്ണടച്ചിരിക്കുന്ന ചിത്രവും താരം പോസ്റ്റിനൊപ്പം ആശംസകള്‍ നേര്‍ന്ന് ചേര്‍ത്തിട്ടുണ്ട്

13. സുഡാനി ഫ്രം നൈജീരിക്ക് ശേഷം സൗബിന്‍ ഷാഹിര്‍ വീണ്ടും നായകാനായെത്തുന്ന ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ന്റെ ആദ്യഘട്ട ചിത്രീകരണം ഇന്ന് റഷ്യയില്‍ ആരംഭിക്കും. റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബെര്‍ഗിലാണ് ഷൂട്ടിംഗ് നടക്കുന്നത്. ഫോഴ്സ്, ബദായ് ഹോ, മര്‍ഡ് കോ ദര്‍ദ് നഹി ഹോതാ എന്നീ ബോളിവുഡ് ചിത്രങ്ങളുടെയും നിരവധി പരസ്യ ചിത്രങ്ങളുടെയും പ്രൊഡക്ഷന്‍ ഡിസൈനറായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുതുവത്സര ദിനത്തില്‍ നടന്‍ ഫഹദ് ഫാസില്‍ റിലീസ് ചെയ്തിരുന്നു. മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.