കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നാലാംഘട്ട വോട്ടെടുപ്പിന്റെ ആദ്യമണിക്കൂറുകളിൽ വിവിധ പോളിംഗ് സ്റ്റേഷനുകളിൽ സംഘർഷം. സംഘർഷത്തിനിടെ അസനോളിൽ ബി.ജെ.പി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ ബാബുൽ സുപ്രിയോയുടെ വാഹനം തൃണമൂൽ പ്രവർത്തകർ തകർത്തു.
അസനോളിൽ ബൂത്ത് പിടിത്തം നടക്കുന്നുവെന്നറിഞ്ഞ് എത്തിയതായിരുന്നു മന്ത്രി. ബൂത്തിൽ തൃണമൂൽ പ്രവർത്തകരും സുരക്ഷാ ജീവനക്കാരും തമ്മിൽ സംഘർഷവും അരങ്ങേറി. അസനോളിലെ 199-ാം ബൂത്തിലാണ് സംഘർഷമുണ്ടായത്.
അസനോളിലെ രണ്ടു ബൂത്തിൽ കേന്ദ്രസേന ഇല്ലാത്തതിനാൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് വോട്ടെടുപ്പ് നിറുത്തിവച്ചിരുന്നു. ഇവിടെ കേന്ദ്രസേനയെ ഏർപ്പാടുചെയ്യാൻ വേണ്ട നടപടികൾ സ്വന്തം നിലയ്ക്ക് സ്വീകരിച്ചിട്ടുണ്ടെന്ന് സുപ്രിയോ അറിയിച്ചു. കേന്ദ്ര സേനയുടെ സംരക്ഷണമില്ലെങ്കിൽ ശരിയാംവിധം വോട്ടെടുപ്പ് നടക്കില്ലെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടന്ന് സുപ്രിയോ പറഞ്ഞു. ബിർഭും ലോകസ്ഭാ മണ്ഡലത്തിൽപ്പെട്ട നാനൂർ, രാംപുരാത്, നൽഹാത്തി തുടങ്ങിയ ഇടങ്ങളിലും കിഴക്കൻ ബർദുവാനിലെ ജെമുവ, ബരാബനി എന്നിവിടങ്ങളിലും തൃണമൂൽ, ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.
സുപ്രിയോയ്ക്കെതിരെ കേസ്
അസൻസോളിൽ ബൂത്തിൽ കടന്നുകയറിയ കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാനാർത്ഥിയുമായ ബാബുൽ സുപ്രിയയ്‌ക്കെതിരെ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകി. സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ബാബുൽ ബൂത്തിലേക്ക് അതിക്രമച്ചുകയറിയെന്നും മോശമായി സംസാരിച്ചുവെന്നും വോട്ടെടുപ്പിന് തടസമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രിയോയ്ക്കെതിരെ നടപടി.