monkey-fever-

മാനന്തവാടി: വയനാട്ടിൽ വീണ്ടും കുരങ്ങുപനി ബാധിച്ച് ആദിവാസി യുവാവ് മരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ ആത്താറ്റുകുന്ന് കാട്ടുനായ്ക്ക കോളനിയിലെ ബസവൻ ലക്ഷ്മി ദമ്പതികളുടെ മകൻ സുധീഷ് (23) ആണ് ഞായറാഴ്ച രാത്രി ജില്ലാ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. മാർച്ച് 23 ന് കുരങ്ങു പനി ബാധിച്ച് ഇതേ കോളനിയിൽ മരിച്ച സുന്ദരന്റെ ബന്ധുവാണ്. കർണാടകയിലെ ബൈരക്കുപ്പ ഹോസള്ളിയിൽ താമസിക്കുകയായിരുന്ന

സുധീഷ് പനി ബാധിച്ചാണ് വയനാട്ടിലേക്ക് വന്നത്. ഹോസള്ളിയിലും കുരങ്ങുപനി ബാധിച്ച് രണ്ട് പേർ മരിച്ചിരുന്നു. കുരങ്ങുപനിക്കെതിരെ അതിർത്തി പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകുകയും ബോധവത്കരണ പരിപാടികൾ നടത്തുകയും ചെയ്തിരുന്നു. ജനുവരി മുതലാണ് വയനാട്ടിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്തത്. സുധീഷിന്റെ മൃതദേഹം കോളനി ശ്മശാനത്തിൽ സംസ്‌കരിച്ചു. ഭാര്യ: ഗൗരി.