modi-deedi

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസിൽ നിന്നും 40 എം.എൽ.എമാർ ബി.ജെ.പിയിൽ ചേരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ഇവർ പാർട്ടി വിടുമെന്നും മോദി ഒരു തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. അതേസമയം, നരേന്ദ്ര മോദിയുടെ പ്രസ്‌താവന ഇരുപാർട്ടികളും തമ്മിലുള്ള വാക്പോരിന് കാരണമായിട്ടുണ്ട്.

കൊൽക്കത്തയ്‌ക്ക് അടുത്തുള്ള സെറാംപൂരിൽ സംസാരിക്കുമ്പോഴാണ് മോദി തൃണമൂൽ കോൺഗ്രസിൽ നിന്ന് 40 എം.എൽ.എമാർ രാജിവയ്‌ക്കുമെന്ന് പ്രഖ്യാപിച്ചത്. മേയ് 23ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എല്ലായിടത്തും താമര വിരിയും. അപ്പോൾ നിങ്ങളുടെ എം.എൽ.എമാർ പാർട്ടിയിൽ നിന്ന് രാജിവച്ച് ഓടും. ഇതിനോടകം തന്നെ 40 തൃണമൂൽ കോൺഗ്രസ് എം.എൽ.എമാർ തന്നെ ബന്ധപ്പെട്ടിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. അതേസമയം, രാജ്യത്തെ പ്രധാനമന്ത്രി തന്നെ പരസ്യമായി കുതിരക്കച്ചവടം നടത്തുന്നത് അപമാനമാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ ആരോപിച്ചു. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ പാർട്ടിയിൽ നിന്ന് ഒരു കൗൺസിലർ പോലും ബി.ജെ.പിയിൽ ചേരില്ല. നിങ്ങളുടെ എക്‌സ്പൈറി ഡേറ്റ് അവസാനിച്ചിരിക്കുന്നുവെന്നും അദ്ദേഹം തിരിച്ചടിച്ചു.

സംസ്ഥാനത്ത് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 294 സീറ്റുകളിൽ 211 എണ്ണം നേടിയാണ് തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ എത്തിയത്. എന്നാൽ യാതൊരു അടിവേരുകളുമില്ലാതെ സംസ്ഥാനത്ത് ഭരണം തുടങ്ങിയ ബി.ജെ.പി സംസ്ഥാനത്ത് പതിയെ വളരുകയാണ്. മമതാ ബാനർജിയുടെ അടുത്ത അനുയായി ആയിരുന്ന മുകുൾ റോയ് ബി.ജെ.പിയിൽ ചേർന്നതോടെയാണ് പാർട്ടി സംസ്ഥാനത്ത് വൻ തോതിലുള്ള വളർച്ച കാഴ്‌ച്ച വച്ചത്. ഉടൻ തന്നെ സംസ്ഥാന ഭരണം തങ്ങൾ പിടിക്കുമെന്നും ബി.ജെ.പി നേതാക്കൾ അവകാശപ്പെടുന്നു. അതേസമയം, ഈ തിരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് ബി.ജെ.പി ഇല്ലാതാകുമെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ അവകാശവാദം.