വർഗീയ വിപത്തിനെയും നവ ഉദാരവത്ക്കരണത്തിന്റെ സൃഷ്ടിയായ ജനവിരുദ്ധതൊഴിലാളി ദ്രോഹനയങ്ങളെയും പ്രതിരോധിക്കാൻ തൊഴിലാളിവർഗബഹുജന ഐക്യംശക്തിപ്പെടുത്തുന്നതിനൊപ്പം, പ്രളയം തകർത്ത കേരളത്തെ പുനർനിർമ്മിക്കുന്ന മഹാദൗത്യത്തിന് കരുത്തുപകരുമെന്നും ഈ മെയ്ദിനത്തിൽ പ്രതിജ്ഞയെടുക്കാം.
രാജ്യം നിർണായകമായ തെരഞ്ഞെടുപ്പ് പ്രകിയയി ലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് തൊഴിലാളിവർഗത്തിന്റെ ഐക്യവും നിലനിൽപ്പിനായുള്ള സമരങ്ങളും പൂർവാധികം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി ഒരു മെയ്ദിനം കൂടി വന്നെത്തിയിരിക്കുന്നത്. കേന്ദ്രഗവൺമെന്റിന്റെ തൊഴിലാളിവിരുദ്ധനടപടികൾ കോടിക്കണക്കിന് തൊഴിലെടുക്കുന്നവരുടെയും കുടുംബങ്ങളുടെയും നിലനിൽപ്പ് അപകടത്തിലാക്കിയിരിക്കുന്നു. എതിർപ്പ് ശക്തമാകുന്തോറും തൊഴിലാളി ദ്രോഹനയങ്ങളുടെ കാഠിന്യവും ഏറുകയാണ്. തൊഴിൽ നിയമങ്ങൾ കോർപറേറ്റ് താൽപര്യസംരക്ഷണത്തിനായി മാറ്റിയെഴുതുന്നു. കേന്ദ്രസർക്കാർ കൊണ്ടുവന്ന തൊഴിൽ നിയമഭേദഗതികൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. സ്ഥിരം തൊഴിൽ ഒരു സങ്കൽപ്പം മാത്രമായി മാറുകയാണ്. നിശ്ചിതകാലത്തേക്കു മാത്രമുള്ള തൊഴിൽ എന്ന രീതിയാണ് അടിച്ചേൽപിക്കുന്നത്.
2019 ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും അരക്ഷിതമായ തൊഴിൽ അന്തരീക്ഷത്തിന്റെ കാലമായിരിക്കുമെന്നും തൊഴിലെടുക്കുന്നവരിൽ ബഹുഭൂരിപക്ഷത്തിനും ഒട്ടും ഗുണനിലവാരമില്ലാത്ത തൊഴിലുകളാണ് ലഭിക്കുകയെന്നും ഐ.എൽ.ഒ ചൂണ്ടിക്കാട്ടുന്നു. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എക്കോണമി റിപ്പോർട്ട് പ്രകാരം യുവാക്കളിലെ തൊഴിലില്ലായ്മ 39 ശതമാനമായി ഉയർന്നിരിക്കുകയാണ്. 2018 ൽ മാത്രം 1.10 കോടി തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. കാർഷികത്തകർച്ചയെ തുടർന്ന് ആ മേഖലയിലും തൊഴിൽ കുത്തനെ കുറഞ്ഞു. സേവനമേഖലകളിലെ സർക്കാർ പിന്മാറ്റവും വെട്ടിച്ചുരുക്കലുകളും കാരണം ലക്ഷക്കണക്കിന് തൊഴിൽ ഇല്ലാതായി. സമ്പദ്ഘടന നേരിടുന്ന കടുത്ത പ്രതിസന്ധിയുടെ പ്രതിഫലനം തന്നെയാണിത്. തൊഴിലില്ലായ്മ രാഷ്ട്രീയസാമൂഹ്യജീവിതത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. നിരാശയിലാണ്ട യുവാക്കളിൽ പലരും വർഗീയതീവ്രവാദ സംഘങ്ങളുടെയും ക്രിമിനൽ സംഘങ്ങളുടെയും ഇരകളായി മാറുകയാണ്.
തൊഴിൽമേഖലയിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ തൊഴിലാളികളോട് പ്രതിബദ്ധതയുള്ള ഒരു സർക്കാരിനു മാത്രമേ കഴിയൂ. തെരഞ്ഞെടുപ്പ് ഘട്ടമായിരുന്നിട്ടുപോലും ട്രേഡ്യൂണിയനുകൾ ദീർഘകാലമായി ഉയർത്തുന്ന മർമ്മപ്രധാനമായ ആവശ്യങ്ങളോട് കോൺഗ്രസും ബിജെപിയും മുഖംതിരിച്ചുനിന്നത് അവരുടെ നിലപാടിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്ന പ്രഖ്യാപനമായി കാണണം. സ്ഥിരസ്വഭാവമുള്ള ജോലികളിൽ കരാർ സമ്പ്രദായം അവസാനിപ്പിക്കുക, ദേശീയമിനിമം വേതനം മാസം 18,000 രൂപയാക്കുക, കർഷകരുടെ കടം എഴുതിതള്ളുക, പൊതുവിതരണസംവിധാനം ശക്തിപ്പെടുത്തുക, പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം നിർത്തിവയ്ക്കുക, സ്റ്റാറ്റിയൂട്ടറി പെൻഷൻ നിലനിർത്തുക, തൊഴിൽനിയമങ്ങൾ ലേബർകോഡായി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, തൊഴിലുറപ്പ് പദ്ധതിയിൽ 300 ദിവസം ജോലി ഉറപ്പാക്കുക തുടങ്ങി 45 ആവശ്യങ്ങൾ ദേശീയ ട്രേഡ്യൂണിയനുകളുടെ അഖിലേന്ത്യാകൺവൻഷൻ അംഗീകരിച്ച അവകാശപത്രിക മുന്നോട്ടുവെച്ചിരുന്നു. ഇതിനോടുള്ള നിഷേധനിലപാടാണ് പ്രകടനപത്രികയിലെ മൗനം വ്യക്തമാക്കുന്നത്.
ബദൽ നയങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയ്ക്ക് മാതൃക യായി മുന്നോട്ടുപോകുന്ന എൽഡിഎഫ് സർക്കാരിന് കരുത്തേകുകയാണ് ഇന്ന് കേരളത്തിലെ തൊഴിലാളികളുടെ സുപ്രധാനകടമ. തൊഴിൽമേഖല ഉൾപ്പെടെ ഏത് രംഗം പരിശോധിച്ചാലും എൽഡിഎഫ് സർക്കാരിന്റെ ജനപക്ഷനയങ്ങളുടെ വിജയത്തിളക്കം കാണാം.