വാരണാസി: സൈന്യത്തിലെ മോശം ഭക്ഷണത്തെ കുറിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനെ തുടർന്ന് പുറത്താക്കിയ ബി.എസ്.എഫ് ജവാൻ തേജ് ബഹാദൂർ യാദവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ മത്സരിക്കുന്നു. സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടെയാണ് തേജ് ബഹാദൂർ വരാണസിയിൽ മത്സരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് തേജ് ബഹാദൂർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയായി തേജ് ബഹാദൂർ മത്സരിക്കുമെന്ന് സമാജ്‌വാദി പാർട്ടി അറിയിച്ചു.
നേരത്തെ ശാലിനി യാദവിനെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിടാനായി വാരണാസിയിൽ സമാജ്‌വാദി പാർട്ടി തീരുമാനിച്ചത്. എന്നാൽ തേജ് ബഹദൂർ യാദവ് മത്സരിക്കാൻ സന്നദ്ധത അറിയിച്ചതോടെ ശാലിനിയെ പിൻവലിച്ച് പിന്തുണ നൽകുകയായിരുന്നു. അതേസമയം, കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി വാരണാസിയിൽ അജയ് റായി തന്നെ മത്സരിക്കും.
അതിർത്തിയിൽ പട്ടാളക്കാർക്ക് മതിയായ ഭക്ഷണം നൽകുന്നില്ലെന്നും ഉന്നത ഉദ്യോഗസ്ഥർ അഴിമതി നടത്തുകയാണെന്നും ആരോപിച്ച് ജവാൻ തേജ് ബഹാദൂർ ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും വ്യാപക വിമർശനം ഉയരുകയും ചെയ്തിരുന്നു. തുടർന്ന്, പ്രധാനമന്ത്രിയുടെ ഓഫീസ് സംഭവത്തെക്കുറിച്ച് ബി.എസ്.എഫിനോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.
ഇതിനു ശേഷം നടത്തിയ അന്വേഷണത്തെ തുടർന്നാണ് തേജ് ബഹാദൂറിനെ പിരിച്ചുവിട്ടത്. ബിഎസ്.എഫ് നിയമങ്ങൾ ലംഘിച്ചു, അച്ചടക്കലംഘനം നടത്തി, വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു തുടങ്ങിയ കുറ്റങ്ങൾ ഇയാൾ ചെയ്തതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടൽ നടപടിയെന്നും ബി.എസ്.എഫ് വ്യക്തമാക്കിയിരുന്നു.
സൈനികർക്കുള്ള ഭക്ഷ്യ വസ്തുക്കൾ മുതിർന്ന ഉദ്യോഗസ്ഥർ മറിച്ചു വിൽക്കുന്നു എന്നതടക്കമുള്ള ആരോപണങ്ങളാണ് തേജ് ബഹാദൂർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നത്. എന്നാൽ തേജ് ബഹാദൂർ യാദവ് അമിത മദ്യാസക്തിക്ക് അടിമയാണെന്നും അദ്ദേഹത്തിന് മാനസിക പ്രശ്നമുണ്ടെന്നുമായിരുന്നു ബി.എസ്.എഫ് തുടക്കത്തിലേ പ്രതികരിച്ചത്. നിരവധി തവണ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ബി.എസ്.എഫ് ആരോപിച്ചിരുന്നു.