കൊളംബോ: ശ്രീലങ്കയിലെ അഞ്ചിടങ്ങളിൽ വീണ്ടും ആക്രമണസാദ്ധ്യതയെന്ന് സുരക്ഷാസേനയുടെ മുന്നറിയിപ്പ്. വാനുകളും പട്ടാളവേഷത്തിലെത്തുന്ന ചാവേറുകളും ആക്രമണത്തിന് ഉപയോഗിക്കപ്പെടാമെന്നാണ് റിപ്പോർട്ട്. ശ്രീലങ്കയിലെ ജനപ്രതിനിധികൾക്കും മറ്റ് സുരക്ഷാവിഭാഗങ്ങൾക്കും അയച്ച കത്തിലാണ് ആക്രമണസാദ്ധ്യത സംബന്ധിച്ച മുന്നറിയിപ്പുള്ളതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് റിപ്പോർട്ട് ചെയ്തത്. മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്ത് വൻ സുരക്ഷാസന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഇക്കഴിഞ്ഞ ഈസ്റ്റർദിനത്തിൽ ശ്രീലങ്കയുടെ തലസ്ഥാനനഗരമായ കൊളംബോയിലെ പള്ളികളിലും ഹോട്ടലുകളിലും നടന്ന ചാവേറാക്രമണത്തിൽ 253 പേർ കൊല്ലപ്പെടുകയും 500ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിരുന്നു. അതേസമയം, രാജ്യത്തെ ഐസിസ് താവളങ്ങളിൽ ഇക്കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ തെരച്ചിലിനിടയിൽ കുട്ടികളുൾപ്പെടെ 15 പേർ കൊല്ലപ്പെട്ടിരുന്നു. ഈസ്റ്റർദിനത്തിൽ ആക്രമണം നടന്ന ബാട്ടിക്കോളയും മുന്നറിയിപ്പിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ആക്രമണസാദ്ധ്യതയുള്ള സ്ഥലങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.
ചന്ദന വിക്രമരത്ന ആക്ടിംഗ് പൊലീസ് മേധാവി
കൊളംബോ: ശ്രീലങ്കയിലെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ചന്ദന വിക്രമരത്നയെ ആക്ടിംഗ് പൊലീസ് മേധാവിയായി നിയമിച്ചതായി പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു. പൊലീസ് മേധാവിയായിരുന്ന പുജിത്ത് ജയസുന്ദരം രാജിവച്ചതിനെത്തുടർന്നാണ് നിയമനം. ഈസ്റ്റർ ദിനത്തിൽ 253 പേരുടെ മരണത്തിനിടയാക്കിയ ചാവേറാക്രമണത്തിൽ സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്തായിരുന്നു പുജിത്ത് ജയസുന്ദരത്തിന്റെ രാജി. പുജിത്തിനെക്കൂടാതെ പ്രതിരോധസെക്രട്ടറി ഹേമസിരി ഫെർണാണ്ടോയും രാജിവച്ചിരുന്നു.