fake-vote

തിരുവനന്തപുരം: കാസർകോട് മണ്ഡലത്തിൽ കളളവോട്ട് നടന്നതായി സ്ഥിരീകരിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പിലാത്തറ 19ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ചത്. കെ.പി.സുമയ്യ,​ സെലീന,​ പദ്മിനി എന്നിവർ കള്ളവോട്ട് ചെയ്തതായാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചത്. പത്മിനി രണ്ടുതവണ വോട്ടുചയ്തതായി തെളിഞ്ഞു. എ.പി.സലീന പഞ്ചായത്ത് അംഗത്വം രാജിവച്ച് അന്വേഷണം നേരിടണം. ഇവർക്കെതിരെ കേസ് എടുക്കാൻ വരണാധികാരിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പഞ്ചായത്ത് അംഗം സലീനയും മുൻ അംഗം സുമയ്യയും കള്ളവോട്ട് ചെയ്തതായി തെളിഞ്ഞു. . സംഭവത്തിൽ പ്രിസൈഡിംഗ് ഓഫീസർ വീഴ്ച വരുത്തിയതായി തെളിഞ്ഞതായും ടിക്കാറാം മീണ പറഞ്ഞു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കളക്ടർ അന്വേഷണം നടത്തണമെന്നും മീണ ആവശ്യപ്പെട്ടു. റീപോളിംഗിന്റെ കാര്യത്തിൽ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

കാസർകോട്ടെ തൃക്കരിപ്പൂർ, പയ്യന്നൂർ, പിലാത്തറ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതൽ കള്ളവോട്ട് നടന്നതായി കോൺഗ്രസ് ആരോപിക്കുന്നത്. ഇത് തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടിരുന്നു. ജനപ്രതിനിധികൾ അടക്കമുള്ളവർ ഒന്നിലധികം തവണ വോട്ട് ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്. വോട്ടിംഗ് യന്ത്രം തകരാറിലാണെന്ന് കള്ളം പറഞ്ഞ് പലയിടങ്ങളിലും വോട്ടെടുപ്പ് നിറുത്തിവച്ചിരുന്നതായും ഇത് കള്ളവോട്ടിന് വേണ്ടിയാണെന്ന് സംശയിക്കുന്നതായും കാസർകോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താനും ആരോപിച്ചു. കള്ളവോട്ട് ചെയ്‌ത പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെ അയോഗ്യരാക്കണം. പലയിടങ്ങളിലും കോൺഗ്രസ് ബൂത്ത് ഏജന്റുമാരെ പുറത്താക്കിയാണ് കള്ളവോട്ട് നടന്നത്. പരാതിപ്പെട്ടിട്ടും ആരും നടപടി എടുത്തില്ലന്നും അദ്ദേഹം ആരോപിച്ചു.