police

ആലപ്പുഴ: സിവിൽ പൊലീസ് ഓഫീസർമാരെ തിരഞ്ഞെടുക്കാൻ പി.എസ്.സി നടത്തിയ കായിക ക്ഷമതാ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ യുവാവ്, കുടുങ്ങുമെന്നുറപ്പായപ്പോൾ അപരനുമൊത്ത് ഗ്രൗണ്ടിന്റെ മതിൽ ചാടി രക്ഷപ്പെട്ടു.

ചേർത്തല ചാരമംഗലം സ്കൂൾ ഗ്രൗണ്ടിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. കരുനാഗപ്പള്ളി സ്വദേശി ശരത്താണ് കായിക ക്ഷമതയിൽ പങ്കെടുക്കേണ്ടിയിരുന്നത്. സർട്ടിഫിക്കറ്റുകളുടെ പരിശോധനകൾക്കു ശേഷം മാറി നിന്ന ശരത്ത് 100 മീറ്റർ ഓട്ടത്തിൽ തന്റെ അപരനെ പങ്കെടുപ്പിക്കുകയായിരുന്നു. ഇയാൾ നിശ്ചിത സമയത്തിനുള്ളിൽ ഓട്ടം പൂർത്തിയാക്കുകയും ചെയ്തു. അടുത്ത ഘട്ടത്തിന്റെ തുടക്കത്തിൽ ശരത്ത് വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇതോടെയാണ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. പിടിക്കപ്പെടുമെന്ന് തോന്നിയതോടെ ശരത്തും അപരനും മതിൽ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവം സംബന്ധിച്ച് ഉദ്യോഗസ്ഥർ പി.എസ്.സി അധികൃതർക്ക് രേഖാമൂലം പരാതി നൽകി. ആൾമാറാട്ടം തെളിഞ്ഞാൽ ശരത്തിനെതിരെ പൊലീസ് കേസെടുക്കും.