മുംബയ്: ഇന്ത്യാക്കാർ ഇത്രയും നാൾ ഇറ്റലിക്കാരുടെ അടിമയായിരുന്നുവെന്നും ഇപ്പോഴാണ് നമ്മൾ സ്വതന്ത്രരായതെന്നും ബോളിവുഡ് നടി കങ്കണാ റണാവത്ത് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിൽ മുംബയിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് താരം കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്.
ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഇത് അഞ്ച് വർഷത്തിലൊരിക്കൽ മാത്രം വരുന്ന ദിവസമാണ്. അതുകൊണ്ട് തന്നെ ഈ ദിവസത്തെ പരമാവധി ഉപയോഗപ്പെടുത്തണം. ഇന്ത്യ യഥാർത്ഥത്തിൽ ഇന്നാണ് സ്വാതന്ത്ര്യമായതെന്നാണ് എനിക്ക് തോന്നുന്നത്. ഇതിന് മുമ്പ് മുഗൾ, ബ്രിട്ടീഷ്, ഇറ്റാലിയൻ സർക്കാരുകളുടെ അടിമകളായിരുന്നു നമ്മളെന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ ഇതുകൊണ്ടും അവസാനിപ്പിക്കാത്ത താരം കോൺഗ്രസിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. രാജ്യം ദുരിതത്തിൽ മുങ്ങിയപ്പോൾ പോലും വിദേശരാജ്യങ്ങളിൽ വിനോദയാത്രയ്‌ക്ക് പോയവരാണ് നമ്മുടെ രാഷ്ട്രീയ നേതാക്കൾ. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ രാജ്യം അതിന്റെ ഏറ്റവും മോശം അവസ്ഥയിലായിരുന്നു. ഇനി സ്വധർമവും സ്വരാജും കെട്ടിപ്പടുക്കേണ്ട സമയമാണ്. അതുകൊണ്ട് തന്നെ എല്ലാവരും ഒരുമിച്ച് ഇന്ത്യയ്‌ക്ക് വേണ്ടി വോട്ട് ചെയ്യണമെന്നും താരം ആവശ്യപ്പെട്ടു.
റാണി ഗൗരി ലക്ഷ്മി ഭായിയുടെ ജീവിത കഥ പറയുന്ന മണികർണിക എന്ന സിനിമിയിൽ അഭിനയിച്ച താരം നേരത്തെ നടത്തിയ പല പരാമർശങ്ങളും വിവാദത്തിലായിരുന്നു. തങ്ങൾ രാജ്യസ്‌നേഹികളാണെന്ന് പറയുന്നവരെ ആക്രമിക്കാൻ രാജ്യത്ത് ഒരുവിഭാഗം ആളുകളുണ്ടെന്നും ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ട വാക്കാണ് ദേശസ്‌നേഹമെന്നും താരം പറഞ്ഞിരുന്നു.