modi-interview

പ്രധാനമന്ത്രി നരേന്ദ്രമോദിയെ നടൻ അക്ഷയ് കുമാർ ഇന്റർവ്യൂ നടത്തിയത് രാജ്യമാകെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ എന്തുകൊണ്ട് മോദിയുമായി അഭിമുഖം നടത്താൻ അക്ഷയ്‌കുമാറിനെ തിരഞ്ഞെടുത്തു എന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

സൽമാൻ ഖാനെയും അമീർ‌ഖാനെയുമാണ് മോദിയുമായുള്ള അഭിമുഖത്തിന് ആദ്യം പരിഗണിച്ചിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ മോദിയാണ് അക്ഷയ്‌കുമാർ തന്നെ വേണമെന്ന് ആവശ്യപ്പെട്ടതെന്ന് ദേശീയ മാദ്ധ്യമ റിപ്പോർട്ട് ചെയ്തു. അതിന് കാരണമായി അദ്ദേഹം കണ്ടത് ജനകീയനായ നടനാണ് അക്ഷയ് കുമാർ എന്നതായിരുന്നു. സല്‍ൽമാൻ ഖാൻ, അമീർ ഖാൻ എന്നിവരുടെ വ്യക്തിത്വം ഒരു ദേശബോധമുള്ള രാഷ്ട്രീയത്തിന് അതീതമായ ചർച്ചയ്ക്ക് യോജിച്ചതല്ലെന്നായിരുന്നു വിലയിരുത്തൽ. ഇരുവരുടെയും അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളും പിന്നാലെ ഉണ്ടായ വിവാദങ്ങളുമാണ് ഇവരെ മാറ്റിനിർത്താൻ കാരണമെന്നും റിപ്പോർട്ടിലുണ്ട്.

സുഹൃത്തുക്കളും ബന്ധുക്കളുമടക്കമുള്ളവരെയെല്ലാം നേരിട്ടുകണ്ടാണ് അക്ഷയ്‌കുമാർ ചോദ്യങ്ങൾ തയ്യാറാക്കിയത്. പ്രധാനമന്ത്രിയെ അടുത്തു കണ്ടാൽ എന്ത് ചോദിക്കുമെന്ന് ഇവരോടെല്ലാം ചോദിച്ചു. ഇതിൽ നിന്നാണ് അദ്ദേഹം മോദിയെ ഇന്റർ‌വ്യു ചെയ്യാനുള്ള ചോദ്യങ്ങൾ തിരഞ്ഞെടുത്തതെന്നും റിപ്പോർട്ട് പറയുന്നു.

എന്നാൽ ഇന്ത്യൻ ദേശീയതയുടെ പ്രതീകമായി അഭിമുഖത്തിനായി തിരഞ്ഞെടുത്ത അക്ഷയ് കുമാർ ഒരു ഇന്ത്യൻ പൗരനല്ല എന്നതും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഔദ്യോഗിക രേഖകൾ പ്രകാരം ഒരു കനേഡിയൻ പൗരത്വമാണ് അക്ഷയ് കുമാറിനുള്ളത്.