എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും മികച്ചതും ഒരിക്കലും മറക്കാനാവാത്തതുമായ ദിവസമാണ് കല്യാണ ദിവസം. എന്നാൽ ഈ ദിവസം മൊബൈൽ ഫോൺ ആരാധന കവർന്നെടുത്താൽ എന്തായിരിക്കും സ്ഥിതി. തന്റെ കല്യാണദിവസം പന്തലിൽ വധുവിനൊപ്പം ഇരുന്ന് ഓൺലൈൻ ഗെയിമായ പബ്‌ജി കളിക്കുന്ന കല്യാണച്ചെറുക്കന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്നെ ശ്രദ്ധിക്കാതെ മൊബൈലിൽ ലയിച്ചിരിക്കുന്ന ഭർത്താവിനെ നോക്കി നവവധു അമ്പരപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം.
കല്യാണപ്പന്തലിലെ പ്രത്യേക ഇരിപ്പിടത്തിൽ നവവധുവിനൊപ്പം ഇരുന്നാണ് കല്യാണച്ചെറുക്കൻ പബ്‌ജി കളിക്കുന്നത്. ഇതിനിടയിൽ ആരോ കൊണ്ടുവന്ന് നൽകുന്ന സമ്മാനപ്പൊതി ചെറുക്കൻ തട്ടിത്തെറിപ്പിക്കുന്നത് കാണാം. തന്റെ ഗെയിം കളി തടസപ്പെടുത്തുന്നതിലെ നീരസം മുഖത്ത് വ്യക്തം. ഇതിനിടയിൽ നിസഹായ അവസ്ഥയിൽ നവവധു ചെറുക്കന്റെ മൊബൈലിലേക്കും മുഖത്തേക്കും നോക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്താണ് ചുറ്റും നടക്കുന്നതെന്ന് പോലും മനസിലാവാതെയാണ് പാവം കല്യാണപ്പന്തലിൽ ഇരിക്കുന്നത്. എന്നാൽ ഇത് ടിക്ടോക് വീഡിയോ തയ്യാറാക്കുന്നതിന് വേണ്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണോയെന്നും ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
കൊറിയൻ നിർമിത ഓൺലൈൻ ഗെയിമായ പബ്‌ജി ലോകത്താകമാനം യുവത്വത്തിന്റെ ഹരമായി മാറിയത് പെട്ടെന്നാണ്. ഗെയിമിന് അടിമയാകുന്ന പലരും മണിക്കൂറുകളോളം ഫോണിൽ നോക്കിയിരിക്കുന്നത് മാനസിക പ്രശ്‌നത്തിന് തന്നെ കാരണമാകുമെന്ന് മാനസികരോഗ വിദഗ്‌ദ്ധരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗെയിമിന് പല സംസ്ഥാനങ്ങളും നിരോധനമേർപ്പെടുത്തുമെന്നും വാർത്തകളുണ്ടായിരുന്നു.