കാസർകോട്: പിലാത്തറ 19ാം ബൂത്തിൽ നടന്നത് കള്ള വോട്ടാണെന്ന് സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ രംഗത്തെത്തിയതിന് പിന്നാലെ സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി കാസർകോട് യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ. കള്ളവോട്ട് രാഷ്ട്രീയത്തിൽ നിന്ന് സി.പി.എം പിന്മാറണമെന്നും മുഖ്യമന്ത്രി ഇനിയെങ്കിലും വാ തുറക്കണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു. മണ്ഡലത്തിലെ 100 ഓളം ബൂത്തുകളിൽ കള്ള വോട്ട് നടന്നു. ബൂത്തുകളിൽ ഏജന്റുമാരെ ഇരിക്കാൻ അനുവദിച്ചില്ല. ഉച്ചയോടെ ഏജന്റുമാരെ ബൂത്തിൽ നിന്ന് അടിച്ച് പുറത്താക്കിയെന്നും ഉണ്ണിത്താൻ ആരോപിച്ചു.
കള്ളവോട്ട് നടക്കുമ്പോൾ പൊലീസും പ്രിസൈഡിംഗ് ഓഫീസർമാരും നോക്കി നിന്നു. ഓപ്പൺ വോട്ട് ചെയ്തു എന്നാണ് സി.പി.എം സെക്രട്ടറി എം.വി ജയരാജൻ ആവർത്തിക്കുന്നത്. എന്നാൽ ഓപ്പൺ വോട്ട് എന്നതല്ല, കംപാനിയൻ വോട്ട് ആണ് നിലവിൽ ഉള്ളത്. അതിന് വോട്ട് ചെയ്യേണ്ടവർ കുടുംബത്തിലെ അംഗമായിരിക്കണമെന്നതടക്കമുള്ള നിയമങ്ങളുണ്ട്. ഇതൊന്നും പിലാത്തറയിൽ പാലിച്ചിട്ടില്ലെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. പഞ്ചായത്ത് മെമ്പറാണ് കള്ളവോട്ട് ചെയ്തിരിക്കുന്നവരിൽ ഒരാൾ. മറ്റൊരാൾ മുൻ മെമ്പറും. ജനപ്രതിനിധികാണ് കള്ളവോട്ട് ചെയ്തതെന്നിരിക്കെ രാജിവച്ച് നടപടി നേരിടണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
അതേസമയം, കാസർകോട് മണ്ഡലത്തിൽ കളളവോട്ട് നടന്നതായി സ്ഥിരീകരിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ രംഗത്തെത്തി. പിലാത്തറ 19ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ചത്. കെ.പി.സുമയ്യ, സെലീന, പത്മിനി എന്നിവർ കള്ളവോട്ട് ചെയ്തതായാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചത്. പത്മിനി രണ്ടുതവണ വോട്ടുചയ്തതായി തെളിഞ്ഞു. എ.പി.സലീന പഞ്ചായത്ത് അംഗത്വം രാജിവച്ച് അന്വേഷണം നേരിടണം. ഇവർക്കെതിരെ കേസ് എടുക്കാൻ വരണാധികാരിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പഞ്ചായത്ത് അംഗം സലീനയും മുൻ അംഗം സുമയ്യയും കള്ളവോട്ട് ചെയ്തതായി തെളിഞ്ഞു. . സംഭവത്തിൽ പ്രിസൈഡിംഗ് ഓഫീസർ വീഴ്ച വരുത്തിയതായി തെളിഞ്ഞതായും ടിക്കാറാം മീണ പറഞ്ഞു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കളക്ടർ അന്വേഷണം നടത്തണമെന്നും മീണ ആവശ്യപ്പെട്ടു. റീപോളിംഗിന്റെ കാര്യത്തിൽ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.