ചേർത്തല: ഉറക്കാൻ കിടത്തിയ കുഞ്ഞ് നിറുത്താതെ കരയുന്നതു കേട്ടപ്പോൾ പെട്ടെന്നുണ്ടായ പ്രകോപനം മൂലം വായും മൂക്കും പൊത്തിപ്പിടിച്ചപ്പോഴാണ് മരണം സംഭവിച്ചതെന്ന്, 15 മാസം മാത്രം പ്രായമുള്ള ആദിഷയുടെ ഘാതകയായ അമ്മ ആതിര പൊലീസിനോടു പറഞ്ഞു. കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്ന അമ്മയ്ക്ക്, എന്തെന്നില്ലാത്ത വിരോധം ഈ കുരുന്നിനോട് ഉണ്ടായിരുന്നെന്നും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ശ്വാസം കിട്ടാതെയാണ് കുട്ടി മരിച്ചതെന്ന് റിപ്പോർട്ടിലുണ്ട്. ആതിര തുണി കഴുകാൻ പോയപ്പോൾ കുട്ടി നിലവിളിച്ചു. ഉറക്കാൻ കിടപ്പുമുറിയിൽ എത്തിച്ചെങ്കിലും കരച്ചിൽ നിറുത്താത്തതിനെ തുടർന്ന് ദേഷ്യം വന്നപ്പോൾ വായും മൂക്കും പൊത്തിപ്പിടിച്ചെന്നാണ് ആതിരയുടെ മൊഴി. എന്നാൽ കൊല്ലുക എന്ന ലക്ഷ്യത്തിൽ തന്നെയായിരുന്നു ആതിര ഇങ്ങനെ ചെയ്തതെന്നും മരണം ഉറപ്പിച്ച ശേഷമാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചതെന്നുമാണ് പൊലീസിന്റെ വിലയിരുത്തൽ. കുട്ടിക്ക് മൂന്നുമാസം പ്രായമുള്ളപ്പോൾ മുതൽ ആതിര നിരന്തരം ഉപദ്റവിക്കാറുണ്ടെന്നും മരണം നടക്കുന്നതിനു ഒന്നര മണിക്കൂർ മുമ്പു പോലും കുട്ടിയെ ഉപദ്റവിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു.
26ന് ഉച്ചയോടെയാണ് പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കൊല്ലംവെളി കോളനിയിൽ ഷാരോണിന്റെ മകൾ ആദിഷ അമ്മയുടെ കൈകളാൽ ദാരുണമായി കൊല്ലപ്പെട്ടത്. അറസ്റ്റിലായ ആതിരയ്ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിനും കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിന് ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75-ാം വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്. ഇന്നലെ വൈകിട്ട് വൈദ്യ പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കിയ ആതിരയെ റിമാൻഡു ചെയ്തു. ആവശ്യമെങ്കിൽ പിന്നീട് കസ്റ്റഡിയിൽ വാങ്ങുമെന്ന് പട്ടണക്കാട് എസ്.ഐ അമൃതരംഗൻ പറഞ്ഞു. സംഭവത്തെ തുടർന്ന് പൊലീസ് സീൽ ചെയ്തിരുന്ന വീട്ടിലെ കിടപ്പുമുറി ജില്ലാ സയന്റിഫിക് ഓഫീസർ വി.ആർ. മീര, വിരലടയാള വിദഗ്ദ്ധൻ ജി. അജിത്ത് എന്നിവരുടെ നേതൃത്വത്തിൽ തുറന്ന് തെളിവുകൾ ശേഖരിച്ചു. ജില്ലാ ശിശു സംരക്ഷണ സമിതി അധികൃതരും വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു.
ആതിര പ്രശ്നക്കാരി
പാണാവള്ളി സ്വദേശിയായ ആതിര ഷാരോണിനെ കണ്ടുമുട്ടുന്നത് സമീപത്തെ നാല്പത്തെണ്ണീശ്വരം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ്. എഴുന്നള്ളത്തിന് കൊണ്ടു വന്ന ആനയുടെ പാപ്പാന്റെ സഹായിയായിട്ടാണ് ഷാരോൺ എത്തിയത്. വെറും രണ്ടു ദിവസത്തെ ബന്ധമാണ് ഇരുവരെയും ജീവിതത്തിൽ ഒന്നിപ്പിച്ചത്. നാട്ടിൽ അല്ലറചില്ലറ മോഷണങ്ങൾ ആതിര നടത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. അലക്കിയിട്ടിരിക്കുന്ന വസ്ത്രങ്ങൾ മോഷ്ടിക്കുന്നത് പതിവായിരുന്നു. സമീപത്തെ അംഗൻവാടിയിൽ പഠിക്കാനെത്തിയ കുട്ടിയുടെ മാല മോഷ്ടിക്കാൻ നടത്തിയ ശ്രമം കൈയോടെ പിടികൂടിയെങ്കിലും പൊലീസ് കേസൊന്നും ഉണ്ടായില്ല. സ്വന്തമായി മൊബൈൽ ഫോണില്ലാതിരുന്ന ആതിര സമീപത്തെ കടയിലെ കോയിൻ ബോക്സിലൂടെ മണിക്കൂറുകളോളം സംസാരിക്കാറുണ്ടായിരുന്നു.