bjp

ന്യൂഡൽഹി: ലോകസ്ഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന 72 സീറ്റുകളിൽ ബി.ജെ.പിക്ക് നീർണായകമാകുന്നത് 56 സീറ്റുകൾ. 9 സംസ്ഥാനങ്ങളിലെ ഈ 72 സീറ്റുകളിൽ 2014ൽ 56ഉം നേടിയത് ബി.ജെ.പിയായിരുന്നു. തൃണമൂൽ കോൺഗ്രസിനും ബി.ജെ.ഡിക്കും ആറ് വീതം സീറ്റുകൾ ലഭിച്ചപ്പോൾ കോൺഗ്രസിന് രണ്ടുസീറ്റുമാത്രമാണ് ലഭിച്ചത്.


എന്നാൽ ഇത്തവണ പല സീറ്റുകളിലും കോൺഗ്രസ് ബി.ജെ.പിക്ക് ശക്തമായ വെല്ലുവിളി ഉയർത്തുന്നു. തിരഞ്ഞെടുപ്പ് കണക്കുകളിലും ബി.ജെ.പിക്ക് അനുകൂലമല്ല ഇപ്പോഴത്തെ സാഹചര്യം. രാജസ്ഥാൻ, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിൽ ഇത്തവണ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ തവണ രാജസ്ഥാനിൽ ഒരു സീറ്റിൽപോലും വിജയിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നില്ല.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ശക്തമായ തിരിച്ചുവരവ് കോൺഗ്രസിന് ഇത്തവണ മദ്ധ്യപ്രദേശിലും രാജസ്ഥാനിലും വലിയ പ്രതീക്ഷയാമ് നൽകുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ മദ്ധ്യപ്രദേശിൽ 230 സീറ്റുകളിൽ കോൺഗ്രസ് 114 സീറ്റ് നേടിയപ്പോൾ ബി.ജെ.പി 109 സീറ്റുകളായിരുന്നു നേടിയത്.

ഇരുപാർട്ടികളും സ്വന്തമാക്കിയ വോട്ടുകളും ഏകദേശം തുല്യമായിരുന്നു. രാജസ്ഥാനിൽ ആകെയുള്ള 200 സീറ്റുകളിൽ 100 സീറ്റായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ കോൺഗ്രസിന് ലഭിച്ചത്. 73 സീറ്റുകൾ ബി.ജെ.പിക്ക് ലഭിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം നിലനിറുത്താൻ കഴിഞ്ഞാൽ ലോക്‌സ‌ഭയിലേക്ക് ആകെയുള്ള 25 സീറ്റുകളിൽ പതിമൂന്നിലേറെ സീറ്റുകൾ നേടാന്‍ കോൺഗ്രസിന് സാധിക്കും. 2014ൽ രാജസ്ഥാനിലെ 25ൽ 25 സീറ്റും ബി.ജെ.പിയായിരുന്നു സ്വന്തമാക്കിയത്. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും അധികാരത്തിലേറിയതിന് പിന്നാലെ കാർഷിക കടങ്ങൾ എഴുതിതള്ളാൻ തീരുമാനിച്ചതും പ്രകടന പത്രികയിലെ ന്യായ് പദ്ധതികളും തിരഞ്ഞെടുപ്പിൽ വിജയം കൊണ്ടുവരുന്നതിൽ നിർണായകമാകുമെന്നാമ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

2014ലെ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 42 സീറ്റുകൾ നേടിയ ബി.ജെ.പി-ശിവസേന സഖ്യത്തിനെതിരെ കോൺഗ്രസും എൻ.സി.പിയും ചേർന്നാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മറുപക്ഷത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായുമാണു ബി.ജെ.പിയുടെ പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ജനവിധിയായിരിക്കില്ല ലോക്സഭയിലേക്ക് എന്നാണ് ബി.ജെ.പിയുടെ കണക്ക് കൂട്ടൽ.