ഐ.പി.എൽ പന്ത്രണ്ടാം സീസണിലെ സൂപ്പർ താരം ആരെന്ന് ചോദിച്ചാൽ ഒറ്ര ഉത്തരമേയുള്ളൂ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ആന്ദ്രേ റസൽ. ഇത്തവണ കൊൽക്കത്ത പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിറുത്തുന്നതിന് പിന്നിൽ റസൽ ഇഫക്ട് മാത്രമാണെന്നത് ഏറെക്കുറെ സത്യവുമാണ്. കഴിഞ്ഞ ദിവസം മുംബയ് ഇന്ത്യൻസിനെതിരായ നിർണായക മത്സരത്തിലും ബാറ്റുകൊണ്ടും ബാളുകൊണ്ടും കളം നിറഞ്ഞ റസലിന്റെ പ്രകടനമാണ് കൊൽക്കത്തയ്ക്ക് ജയമൊരുക്കിയയത്. പുറത്താകാതെ 40 പന്തിൽ 8 സിക്സും 6 ഫോറും ഉൾപ്പെടെ 80 റൺസെടുത്ത റസൽ മുംബയുടെ 2 വിക്കറ്റും വീഴ്ത്തിയാണ് ടീമിന് ജയം സമ്മാനിച്ചത്. ഇന്നലെ 31 വയസ് തികഞ്ഞ റസലിന്റെ പിറന്നാളാഘോഷം മത്സര ശേഷം കൊൽക്കത്ത താരങ്ങളും ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ള മാനേജ്മെന്റ് അധികൃതരും ചേർന്ന് ഗംഭീരമായി നടത്തി.
ടീമിന്റെ ഘടനയിലും നിർണായക സമയങ്ങളിലെ ചില തീരുമാനങ്ങൾക്കുമെതിരെ പരസ്യമായി കഴിഞ്ഞ ദിവസം അതൃപ്തി പ്രകടിപ്പിച്ച റസലിനെ മുംബയ്ക്കെതിരെ ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകി മൂന്നാം നമ്പറിൽ കൊൽക്കത്ത ഇറക്കുകയായിരുന്നു. പ്രതീക്ഷ കാത്ത റസൽ തകർപ്പൻ ബാറ്രിംഗുമായി ടീമിന് വമ്പൻ ടോട്ടൽ സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച് തുടർച്ചയായ ആറ് തോൽവികൾക്ക് ശേഷമുള്ള ആദ്യ ജയം ഉറപ്പിച്ചു. ഇത്തവണ കളിച്ച 12 മത്സരങ്ങളിൽ നിന്ന് 207.69 സ്ട്രൈക്ക് റേറ്റിൽ 486 റൺസ് നേടിക്കഴിഞ്ഞു റസൽ. 10 വിക്കറ്റും റസലിന്റെ അക്കൗണ്ടിൽ ഈ സീസണിൽ ഉണ്ട്.
മറ്റൊരു വെടിക്കെട്ട് വീരനും വിൻഡീസ് ടീമിൽ റസലിന്റെ സഹതാരവുമായ ക്രിസ് ഗെയ്ലിന്റെ ഉപദേശമാണ് ഈ സീസണിൽ തന്റെ സൂപ്പർ ഇന്നിംഗ്സുകൾക്ക് പിന്നിലെന്ന് കഴിഞ്ഞ ദിവസം റസൽ വെളിപ്പെടുത്തിയിരുന്നു. ഗെയ്ലിന്റെ ഉപദേശ പ്രകാരം ഭാരമുള്ള ബാറ്റ് ഉപയോഗിച്ച് തുടങ്ങിയതോടെയാണ് കൂടുതൽ സിക്സുകളും ഫോറുകളും അടിക്കാൻ തനിക്ക് കഴിയുന്നതെന്ന് റസൽ പറഞ്ഞിരുന്നു.ഇനിയുള്ള രണ്ട് മത്സരങ്ങളിലും ജയിച്ച് പ്ലേ ഓഫിലെത്താൻ ശ്രമിക്കുന്ന കൊൽക്കത്ത ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഈ കരീബിയൻ ആൾ റൗണ്ടറെ തന്നെയാണ്.