ഭോപ്പാൽ: ബി.ജെ.പിയിലെ സീനിയർ സാധ്വി ഉമാ ഭാരതിക്ക് 59 വയസ്സ്. ജൂനിയർ സാധ്വി പ്രജ്ഞാ സിംഗിന് പത്തു വയസ്സ് കുറവ്. എന്നിട്ടും, ഇന്നലെ ദീർഘനാളിനു ശേഷം നേരിൽക്കണ്ടപ്പോൾ ഉമാ ഭാരതി, പ്രജ്ഞയുടെ കൈപിടിച്ച്, തലകുനിച്ചു തൊഴുതു. എന്നു മാത്രമല്ല, താൻ വെറുമൊരു പ്രാണിയാണെന്നും, പ്രജ്ഞ മഹതിയായ സന്യാസിനിയാണെന്നും വരെ പത്രക്കാരോട് പറഞ്ഞുകളഞ്ഞു. ഉമയുടെ വിനയം കണ്ട് പ്രജ്ഞാ സിംഗ് പ്രജ്ഞയറ്റു വീണില്ലെന്നേയുള്ളൂ. കരച്ചിലോടു കരച്ചിൽ.
അതോടെ പത്രക്കാരുടെ മൊത്തം വായടഞ്ഞു. ഉമാ ഭാരതിയുടെ സ്വന്തം ലോക്‌സഭാ മണ്ഡലമായിരുന്ന ഭോപ്പാലിൽ ഇത്തവണ പ്രജ്ഞാ സിംഗ് ആണ് പാർട്ടി സ്ഥാനാർത്ഥി. ശിഷ്‌ടജീവിതം ഗംഗാതീരത്ത് ധ്യാനവും പ്രാർത്ഥനയുമായി കഴിയാനാണ് താത്പര്യമെന്ന് പ്രഖ്യാപിച്ച ഉമാ ഭാരതി ഇത്തവണ മത്സരിക്കാനില്ല. കാര്യം ഇങ്ങനെയൊക്കയാണെങ്കിലും ഭോപ്പാലിൽ പ്രജ്ഞാ സിംഗിന്റെ രാഷ്‌ട്രീയവളർച്ചയിൽ ഉമാഭാരതിക്ക് കൊതിക്കെറുവുണ്ടെന്നാണ് മാദ്ധ്യമങ്ങൾ പറഞ്ഞുപരത്തിയത്. ഇന്നലത്തെ കെട്ടിപ്പിടിത്തവും പൊട്ടക്കരച്ചിലും കഴിഞ്ഞതോടെ എല്ലാം തീർന്നു.
ഭോപ്പാലിൽ ഉമാ ഭാരതിയുടെ പിൻതുടർച്ചക്കാരിയാകുമോ പ്രജ്ഞാ സിംഗ് എന്ന് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു ഉമയുടെ മറുപടി. ദയവായി എന്നെയും പ്രജ്ഞയെയും താരതമ്യപ്പെടുത്തരുത്! ഉമ പറഞ്ഞതിന്റെ ആന്തരാർത്ഥം വ്യാഖ്യാനിക്കാൻ നിൽക്കുമ്പോഴേക്കും ഡയലോഗിന്റെ ബാക്കി ഭാഗം വന്നു: മേ തുച്ഛ് പ്രാണി ഹും!
ഉമാ ഭാരതി ഡൽഹിയിൽ നിന്ന് ഭോപ്പാലിൽ എത്തിയെന്നു കേട്ടപാടെ പ്രജ്ഞാ സിംഗ് ശ്യാമളാ ഹിൽസിലെ ഉമയുടെ വീട്ടിലേക്ക് പായുകയായിരുന്നു. സ്ഥാനാർത്ഥിയെ കണ്ട ഉമാ ഭാരതി പൂക്കളും മധുരവും നൽകി, തിലകം ചാർത്തി പ്രജ്ഞയെ സ്വീകരിച്ചു. മടങ്ങിപ്പോകാൻ നേരത്ത് യാത്രയാക്കാൻ പുറത്തേക്കു വന്ന് കാറിനടുത്തെത്തി. ആ നേരത്തായിരുന്നു പത്രക്കാരെ ഞെട്ടിച്ച വികാരനിർഭരമായ നാടകീയ രംഗങ്ങൾ. ഉമാ ഭാരതി പ്രജ്ഞയ്‌ക്കു മുന്നിൽ ശിരസ്സു കുനിച്ച് നമസ്‌കരിക്കുന്നു, കൈ പിടിച്ച് തൊഴുന്നു. കാറിന്റെ മുൻസീറ്റിലിരുന്ന പ്രജ്ഞയാകട്ടെ, കണ്ണീരടക്കാൻ പാടുപെടുന്നു. തൂവാലയെടുത്ത് കണ്ണു തുടയ്‌ക്കുന്നു.
ശേഷം പത്രക്കാരോടു സംസാരിച്ച ഉമാ ഭാരതി, പ്രജ്ഞാസിംഗിന് പുതിയൊരു വിശേഷണവും സംഭാവന ചെയ്‌തു: ദീദീ മാ