കോഴിക്കോട്: ഇത്തവണ സംസ്ഥാനത്ത് 17 സീറ്റുകളിൽ യു.ഡി.എഫിന് വിജയം ഉറപ്പെന്ന് കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന ഇന്ത്യൻ യൂണിയൻ മുസ്ളിംലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം വിലയിരുത്തി. മറ്റ് മൂന്നു സീറ്റുകളിലും വിജയ സാദ്ധ്യത തള്ളിക്കളയുന്നുമില്ല.
മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടി 2.1 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനും പൊന്നാനിയിൽ ഇ.ടി. മുഹമ്മദ് ബഷീർ 70,000 വോട്ടിന്റെ ഭൂരിപക്ഷത്തിനും വിജയിക്കും.
മുസ്ളിംലീഗ് മുൻകൈ എടുത്ത് വടകരയിൽ കൊണ്ട് വന്ന കെ. മുരളീധരൻ വൻ ഭൂരിപക്ഷത്തിന് വിജയിക്കും. ലീഗിന്റെ തീരുമാനം ശരിയായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അറിയാമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുരളീധരനെ വിജയിപ്പിക്കാൻ ആദ്യം മുതൽ ലീഗ് പ്രവർത്തകർ ഉണ്ടായിരുന്നു.
കോൺഗ്രസ് പ്രവർത്തകർ പ്രചാരണത്തിന് ഇറങ്ങിയില്ലെന്ന വിലയിരുത്തൽ മുസ്ളിംലീഗ് നടത്തിയിട്ടില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. കണ്ണൂർ, കാസർകോട് ജില്ലകളിൽ നടന്ന കള്ളവോട്ട് സംബന്ധിച്ച് ശക്തമായ നടപടി ഉണ്ടാവണമെന്ന് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറോട് സംസ്ഥാന പ്രവർത്തക സമിതി ആവശ്യപ്പെട്ടു.
ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണത്തെ പ്രവർത്തക സമിതി അപലപിച്ചു.