ഇസ്ലാമാബാദ്: ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ എയർസ്ട്രൈക്കിൽ പാകിസ്ഥാന് ഒരു തകരാറും സംഭവിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പാക് സൈന്യം. സത്യമറിയാനായി ഇന്ത്യയിൽനിന്നുള്ള മാദ്ധ്യമപ്രവർത്തകർക്ക് സംഭവസ്ഥലം സന്ദർശിക്കാനുള്ള സൗകര്യമൊരുക്കാമെന്നും സൈന്യത്തിന്റെ വക്താവ് റാവൽപിണ്ടിയിൽ വ്യക്തമാക്കി. ബാലാകോട്ട് എയർസ്ട്രൈക്ക് സംബന്ധിച്ച് ഇന്ത്യ തുടർച്ചയായി കള്ളങ്ങൾ പറയുകയാണെന്നും പാകിസ്ഥാൻ ആരോപിച്ചു.
ഫെബ്രുവരി 14ന് പുൽവാമയിൽ സൈന്യത്തിന് നേരെ ജയ്ഷെ ഇ മുഹമ്മദ് ഭീകരൻ നടത്തിയ ചാവേറാക്രമണത്തിനുശേഷം ഇന്ത്യ-പാക് ബന്ധം തുടർച്ചയായ വാദപ്രതിവാദങ്ങളിൽപെട്ട് ഉലഞ്ഞ അവസ്ഥയിലാണ്. ഫെബ്രുവരി 26 ന് ബാലാകോട്ടിലെ ഭീകരരുടെ താവളത്തിനുനേരെ ഇന്ത്യ നടത്തിയ എയർ സ്ട്രൈക്കിൽ എന്തുസംഭവിച്ചുവെന്നതിനെക്കുറിച്ച് ഇതുവരെയും പാകിസ്ഥാൻ വ്യക്തമായ വിശദീകരണവും നൽകിയിട്ടില്ല.