uefa

യൂറോപ്യൻ ചാമ്പ്യൻസ് ലീഗ്: ടോട്ടൻഹാം - അയാക്സ് ആദ്യപാദ സെമി

ലണ്ടൻ:യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ ഇന്ന് രാത്രി നടക്കുന്ന ആദ്യപാദ സെമിയിൽ ഇംഗ്ലീഷ് ക്ലബ് ടോട്ടൻഹാം ഹോട്സ്‌പറും ഡച്ച് ക്ലബ് അയാക്സും തമ്മിൽ ഏറ്രുമുട്ടും. ടോട്ടൻഹാമിന്റെ സ്‌റ്റേഡിയത്തിൽ ഇന്ന് രാത്രി 12.30 മുതലാണ് മത്സരം. സോണി സിക്സ് ചാനലിൽ മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ട്.

സീസണിൽ വിസ്മയക്കുതിപ്പ് നടത്തിയ കറുത്ത കുതിരകളുടെ പോരാട്ടത്തിൽ ആര് ജയിക്കുെമെന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് ഫുട്ബാൾ ലോകം. വമ്പൻമാരുടെ പലരുടെയും വഴിമുടക്കിയാണ് അയാക്സും ടോട്ടനവും സെമിയിൽ എത്തിയത്. അയാക്സ് നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് പ്രീക്വാർട്ടറിലും റണ്ണറപ്പുകളായ യുവന്റസിന് ക്വാർട്ടറിലും മടക്ക ടിക്കറ്റ് നൽകിയ ടീമാണ്. ടോട്ടൻഹാം പ്രീക്വാർട്ടറിൽ ജർമ്മൻ ക്ലബ് ബൊറൂഷ്യ ഡോർട്ട്മുണ്ടിനെയും ക്വാർട്ടറിൽ ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയെയും വീഴ്‌ത്തിയാണ് അവസാന നാലിൽ ഇടം നേടിയത്. എട്ടാം തീയതി രാത്രി ആംസ്റ്രർഡാമിലാണ് രണ്ടാം പാദം നടക്കുക.

മുഖാമുഖം

ഇതുവരെ രണ്ട് മത്സരങ്ങളിൽ ഇരുടീമും മുഖാമുഖം വന്നിട്ടുണ്ട്. രണ്ടിലും ടോട്ടൻഹാമിനായിരുന്നു ജയം. ടോട്ടൻഹാം ആറ് ഗോൾ നേടിയപ്പോൾ അയാക്സിന് അടിക്കാനായത് ഒരെണ്ണം മാത്രം.

ഓർമ്മിക്കാൻ

അവസാനം കളിച്ച എട്ട് എവേ മത്സരങ്ങളിലും അയാക്സ് തോറ്രിട്ടില്ല.

ഒരാഴ്ചത്തെ വിശ്രമം ലഭിച്ച ശേഷമാണ് അയാക്സ് ടോട്ടനത്തെ നേരിടാനിറങ്ങുന്നത്.

ക്വാർട്ടറിലും പ്രീക്വാർട്ടറിലും സ്വന്തം തട്ടകത്തിൽ നടന്ന ആദ്യപാദ മത്സരങ്ങളിൽ തോറ്റ ശേഷം രണ്ടാം പാദത്തിൽ ജയിച്ചാണ് അയാക്സ് ഈ സീസണിൽ സെമിയിൽ എത്തിയത്.

ക്യാപ്ടൻ ഹാരി കേനിന് പരിക്കേറ്റ് കളിക്കാനാകാത്തത് ടോട്ടൻഹാമിന് തിരിച്ചടിയാണ്.

സസ്പെൻഷനിലായ സൺ ഹ്യൂംഗ് മിന്നും ടോട്ടനം നിരയിൽ ഉണ്ടാകില്ല.

അതേസമയം പരിക്കിൽ നിന്ന് മോചിതനായ മൗസ സിസോക്കോ ടോട്ടൻഹാമിനായി ഇന്നു കളിച്ചേക്കും.

സ്വന്തം മൈതാനത്ത് അവസാനം കളിച്ച പത്ത് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ എട്ടിലും ടോട്ടൻഹാം ജയിച്ചു.