അവധിക്കാലം തുടങ്ങിയതോടെ റോഡുകളിൽ കുട്ടി ഡ്രൈവർമാരുടെ വിളയാട്ടമാണ്. ഇവരുണ്ടാക്കുന്ന അപകടങ്ങൾ തുടർക്കഥയായതോടെ വാഹന ഉടമകൾക്കെതിരെ കർശന നടപടിയെടുക്കാൻ അധികാരികൾ ഒരുങ്ങിക്കഴിഞ്ഞു. എന്നാൽ രക്ഷിതാക്കൾ ഒന്നുകൂടി ശ്രദ്ധിച്ചാൽ മക്കളുടെ മരണപ്പാച്ചിൽ ഒഴിവാക്കാൻ കഴിയുമെന്നാണ് പൊലീസ് പറയുന്നത്. ഫേസ്ബുക്ക് പേജിലാണ് രക്ഷിതാക്കൾക്കുള്ള മാർഗ നിർദ്ദേശങ്ങളുമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുന്നത്.
പ്രായപൂർത്തിയായാൽ മാത്രം പോര, തങ്ങളുടെ കുട്ടികൾ യുക്തിപൂർവ്വം വാഹനം പക്വതയോടെ, വിവേകപൂർവ്വം കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനും പ്രാപ്തരാണോ എന്ന് ഉറപ്പു വരുത്തേണ്ടതും രക്ഷിതാക്കളുടെ ചുമതലയാണെന്ന് ഓർമ്മപ്പെടുത്തുകയാണ് കേരള പോലീസ്. ആദ്യമേ പവർ കൂടിയ വാഹനങ്ങൾ വാങ്ങി നല്കരുത്. വാഹനം ഓടിച്ചു തുടങ്ങുമ്പോൾ സ്വാഭാവികമായും അവർക്ക് ആവേശം തോന്നും. അമിത വേഗത ഒഴിവാക്കാനും സുരക്ഷാ മുൻകരുതലുകളെ കുറിച്ചും കൃത്യമായ ബോധവത്കരണം കുട്ടികൾക്ക് നൽകണമെന്നും കേരള പോലീസ് ഓർമ്മിപ്പിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കുട്ടികൾക്ക് വേണ്ടി
കണ്ണ് ചിമ്മാതെ.........
18 വയസ്സ് കടന്നു കൂടാൻ കാത്തിരിക്കുകയാണ്, കുട്ടികൾ ലൈസൻസ് എടുക്കാനും വാഹനം വാങ്ങാൻ രക്ഷിതാക്കളെ നിര്ബന്ധിക്കാനും..! പ്രായപൂർത്തിയാകുന്നതിന് മുൻപ് ഒരിക്കലും അവർക്ക് വാഹനം നൽകാതിരിക്കുക. അപകടങ്ങളെ കുറിച്ച് പറഞ്ഞു മനസിലാക്കുക. പ്രായപൂർത്തിയാകുന്നതിന് മുൻപ് തങ്ങളുടെ കൊച്ചു മക്കൾ വാഹനമോടിക്കുന്നതിൽ സന്തോഷിക്കുന്ന അപൂർവ്വം ചില രക്ഷിതാക്കളെ നമുക്കറിയാം.
പ്രായപൂർത്തിയായാൽ മാത്രം പോര. തങ്ങളുടെ കുട്ടികൾ യുക്തിപൂർവ്വം വാഹനം പക്വതയോടെ, വിവേകപൂർവ്വം കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനും പ്രാപ്തരാണോ എന്ന് ഉറപ്പു വരത്തേണ്ടതും രക്ഷിതാക്കളുടെ ചുമതലയാണ്. തിരക്ക് കുറഞ്ഞ റോഡുകളിലും മറ്റും കൃത്യവും ദീർഘവുമായ പരിശീലനം നൽകുക. മികച്ച ഡ്രൈവിംഗ് ശീലങ്ങളെ കുറിച്ച് ബോധവാന്മാരാക്കുക. നിരത്തിൽ പാലിക്കേണ്ട മര്യാദകൾ എന്തൊക്കെയാണെന്ന് അവരെ മനസ്സിലാക്കുക. തിരക്കില്ലാത്തതും ചെറുതുമായ റോഡുകളിൽ വാഹനം ഓടിച്ച് മികച്ച പരിചയം സിദ്ധിച്ച ശേഷം ഹൈവേകളിലും തിരക്കുള്ള സ്ഥലങ്ങളിലും വാഹനവുമായി പോകാൻ അനുവദിക്കുക.
മോട്ടോർ വെഹിക്കിൾ ഡിപ്പാർട്‌മെന്റ് നടത്തുന്ന പരീക്ഷയിൽ പങ്കെടുപ്പിച്ച് കൃത്യമായ നടപടികളിലൂടെ ലൈസൻസ് എടുപ്പിക്കുക. വാഹനം ഓടിക്കാനുള്ള പരിശീലനം അവർ കൃത്യമായി നേടിയെന്നു നേരിട്ട് ഉറപ്പ് വരുത്തിയ ശേഷം വാഹനം വാങ്ങി നൽകുക. ആദ്യമേ തന്നെ പവർ കൂടിയ വാഹനങ്ങൾ വാങ്ങി നല്കതിരിക്കുക. വാഹനം ഓടിച്ചു തുടങ്ങമ്പോൾ സ്വാഭാവികമായും അവർക്ക് ആവേശം തോന്നും. അമിത വേഗത ഒഴിവാക്കാനും സുരക്ഷാ മുന്കരുതലുകളെ കുറിച്ചും അവരെ ബോധവൽക്കരിക്കുക.
അപകടം ഒഴിവാക്കാനായി സുരക്ഷാ സംവിധാനമുള്ള ഗുണനിലവാരമുള്ള വാഹനങ്ങൾ വാങ്ങി നല്കാൻ ശ്രദ്ധിക്കുക.