മാഞ്ചസ്റ്രർ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സൂപ്പർ ടീമുകളായ മാഞ്ചസ്റ്റർ യുണൈറ്രഡും ചെൽസിയും ഓരോ ഗോൾവീതം നേടി സമനിലയിൽ പിരിഞ്ഞു. യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രപോർഡിൽ നടന്ന മത്സരത്തിൽ ജുവാൻ മാട്ട നേടിയ ഗോളിൽ ആതിഥേയാണ് ആദ്യം മുന്നിലെത്തിയത്. പതിനൊന്നാം മിനിറ്റിലാണ് മാട്ടയുടെ ഗോൾ പിറന്നത്. എന്നാൽ മാർക്കോ അലോൺസോയിലൂടെ ചെൽസി സമനില പിടിക്കുകയായിരുന്നു. മോശം ഫോം തുടരുന്ന ഗോൾ കീപ്പർ ഡേവിഡ് ഡി ഗിയയുടെ പിഴവിൽ നിന്നായിരുന്നു ചെൽസിയുടെ ഗോൾ വന്നത്. അന്റൊണിയോ റുഡീഗറുടെ അത്ര ശക്തമല്ലാത്ത താഴ്ന്ന് വന്ന ലോംഗ് റേഞ്ചർ കൈയിൽ ഒതുക്കുന്നതിൽ ഡി ഗിയയ്ക്ക് സംഭവിച്ച പിഴവിലൂടെയാണ് അലോൺസോ ഗോൾ നേടിയത്. ഡി ഗിയ തട്ടിയിട്ട പന്ത് ഗോൾ പോസ്റ്റിന് തൊട്ടരികിലുണ്ടായിരുന്ന അലോൺസ് വലയ്ക്കുള്ളിലേക്ക് തട്ടിയിടുകയായിരുന്നു.

ജയത്തോടെ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്ത് എത്തി അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനുള്ള അവസരം പ്രതിസന്ധിയിലാക്കുന്നതായി യുണൈറ്രഡിന് ഈ സമനില. തുടർച്ചയായി പിഴവ് വരുത്തുന്ന ഡി ഗിയയെ മാറ്റി റൊമീറോയ്ക്ക് അവസരം നൽകണമെന്ന ആവശ്യം ഇന്നലത്തെ മത്സരത്തോടെ യുണൈറ്രഡ് ആരാധകർക്കിടയിൽ ശക്തമായി.

ഡി ഗിയയുടെ സമീപകാല പിഴവുകൾ

മാർച്ച് 10, 2019: ആഴ്സനലിന് എതിരായ മത്സരത്തിൽ

ഗ്രാനിറ്റ് ഷാക്കയുടെ 30വാര അകലെനിന്നുള്ള ഷോട്ട് തടയുന്നതിൽ പിഴച്ചു

ഏപ്രിൽ17, 2109: ബാഴ്സലോണയ്ക്കെതിരായ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദത്തിൽ ലയണൽ മെസി നേടിയ രണ്ടാം ഗോൾ ഡി ഗിയയുടെ പിഴവിൽ നിന്ന്. മെസിയുടെ വലങ്കാലൻ ഷോട്ട് ഡി ഗിയയ്ക്ക് അനായാസം രക്ഷപ്പെടുത്താമായിരുന്നെങ്കിലും അദ്ദേഹത്തിന് പിഴച്ചു. ഈ ഗോൾ ആഘോഷിക്കാതിരുന്നതിനെക്കുറിച്ച് ബാഴ്സ ഗോളി ടെർസ്റ്റെഗാൻ നടത്തിയ പ്രതികരണം വൈറലായ. ഡി ഗിയ ലോകത്തെ ഏറ്രവും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളാണെന്നും പിഴവുകൾ മനുഷ്യസഹജമാണെന്നും തനിക്കും പിഴവുകൾ സംഭവിക്കാം എന്നുമായിരുന്നു ടെർസ്റ്രെഗാൻ പറഞ്ഞത്.

ഏപ്രിൽ 21, 2109: എവർട്ടണിനെതിരെ 4-0ത്തിന് തോറ്റ മത്സരത്തിൽ ഗിൽഫി സിഗൂർഡ്സൺ നേടിയ ഗോളും ഡി ഗിയയുടെ പിഴവിൽ നിന്നായിരുന്നു. ഡി ഗിയയുടെ പൊസിഷനിംഗ് ശരിയായിരുന്നില്ല.

ഏപ്രിൽ 25, 2109:മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റി നേടിയ രണ്ട് ഗോളുകളും ഡി ഗിയയുടെ പിഴവിൽ നിന്നെന്ന് വിമർശകർ. ബെർണാഡോ സിൽവയുടെയും ലെറോയ് സനെയുടെയും ഷോട്ടുകൾ ഡി ഗിയയ്ക്ക് തടയാമായിരുന്നുവെന്നാണ് വിമർശനമുണ്ടായത്.