തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും ആകാശവാണി മലയാളം വിഭാഗം മുൻമേധാവിയുമായ എസ്. ഗോപൻ നായർ (79) അന്തരിച്ചു. ആകാശവാണിയിൽ ദീർഘകാല വാർത്താ അവതാരകനായിരുന്നു. ഗോപൻ എന്ന പേരിലാണ് ഡൽഹിയിൽ നിന്ന് മലയാളം വാർത്തകൾ അവതരിപ്പിച്ചിരുന്നത്. പുകവലിക്കെതിരായ കേന്ദ്രസർക്കാർ പ്രചാരണം അടക്കമുള്ള പരസ്യങ്ങൾക്ക് ശബ്ദം നൽകിയും ശ്രദ്ധേയനായി. മലയാള നോവലിസ്റ്റ് സി.വി രാമൻപിള്ളയുടെ ചെറുമകളുടെ മകനാണ്. ഭാര്യ രാധ. മകൻ പ്രമോദ് ഗോപൻ.
‘ആകാശവാണി.. വാർത്തകൾ വായിക്കുന്നത് ഗോപൻ..’ ‘ശ്വാസകോശം സ്പോഞ്ച് പോലെയാണ്...’ എന്നു കേൾക്കുമ്പോൾ മുഖം ഓർമയില്ലെങ്കിലും മലയാളികൾക്ക് ആ ശബ്ദം സ്വന്തക്കാരുടെതുപോലെ പരിചിതമാണ്. 39 വർഷം ഡൽഹി ആകാശവാണിയിൽ ജോലി ചെയ്തു.