bilal

കൊട്ടാരക്കര: ശക്തമായ കാറ്റിലും മഴയിലും നിന്ന് രക്ഷനേടാൻ ചുടുകട്ട കമ്പനിയിൽ ഓടിക്കയറിയ യുവാവ് മേൽക്കൂര

‌ തകർന്നു ഇഷ്ടികകൾക്കടിയിൽപ്പെട്ട് മരിച്ചു. ചൂള ഉടമ ഉൾപ്പടെ മൂന്നുപേർക്ക് പരിക്കേറ്റു. മണ്ണടി ദാറുൽ സലാമിൽ ഷിനു (മുഹമ്മദ് ബിലാൽ-26) ആണ് മരിച്ചത്. കൊട്ടാരക്കര അന്തമണിലാണ് സംഭവം.

ഷിനുവിന്റെ ഒപ്പമുണ്ടായിരുന്ന വയല പള്ളിയുടെ കിഴക്കേതിൽ പ്രസന്നൻ (36), ഇഷ്ടിക കമ്പനി ഉടമ അന്തമൺ ചെറുമണ്ണഴികത്ത് വീട്ടിൽ രാധാകൃഷ്ണ പിള്ള(52), ഇവിടത്തെ തൊഴിലാളി പശ്ചിമബംഗാൾ സ്വദേശി ബിപ്ളബ് (20) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ബിപ്ളബിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാധാകൃഷ്ണപിള്ളയെയും പ്രസന്നനെയും നിസാര പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം. ഇഷ്ടിക കമ്പനിയ്ക്ക് സമീപത്തെ റബ്ബർ തോട്ടത്തിൽ മരം വെട്ടാനെത്തിയതാണ് ഷിനുവും പ്രസന്നനും. മഴ ശക്തമായി പെയ്തുതുടങ്ങിയപ്പോൾ സമീപത്തെ ഇഷ്ടിക ചൂളയിലേക്ക് ഓടിക്കയറിയതാണ്. ഇവർ ചൂളയിൽ കയറിയത് മറുഭാഗത്ത് നിന്ന കമ്പനി ഉടമയും തൊഴിലാളികളും അറിഞ്ഞിരുന്നില്ല. മഴയ്ക്കൊപ്പം ശക്തമായ കാറ്റടിച്ചതോടെ ചൂളയുടെ മേൽക്കൂര തകർന്നു. ചൂളയുടെ ഒരു ഭാഗം അടുക്കിവച്ച ഇഷ്ടികകളുമായി ഇടിഞ്ഞുവീണു. ഇതിന്റെ അടിയിൽപ്പെട്ടാണ് ഷിനു മരിച്ചത്. കമ്പനിയിലെ തൊഴിലാളികളും ഓടിക്കൂടിയവരും ചേർന്ന് ശ്രമകരമായി കട്ടകൾ മാറ്റിയ ശേഷമാണ് ഷിനുവിനെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മാതാവ്: ഷീബ. സഹോദരി:മിനി. കൊട്ടാരക്കര പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.