isis

കൊച്ചി: ശ്രീലങ്കയിലെ ചാവേർ സ്‌ഫോടനങ്ങളുടെ മുഖ്യ സൂത്രധാരനും നാഷണൽ തൗഹിദ് ജമാഅത്ത് നേതാവുമായിരുന്ന സഹ്‌റാൻ ഹാഷീമിന്റ ആശയങ്ങളെ നിരന്തരം പിന്തുടർന്നിരുന്ന പാലക്കാട് കൊല്ലംകോട് അക്ഷയ നഗറിൽ റിയാസ് അബൂബക്കറിനെ (28) ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്തു. രണ്ടു ദിവസമായി കസ്‌റ്റഡിയിലായിരുന്നു. ഇന്ന് കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരാക്കും.

തൊപ്പിയും അത്തറും വിറ്റിരുന്ന ഇയാൾ കേരളത്തിൽ ചാവേർ ആക്രമണം നടത്താൻ ആഗ്രഹിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഗൂഢാലോചന നടത്തിയ കുറ്റപ്രകാരമാണ് അറസ്റ്റ്. സഹ്‌റാന്റെ പ്രഭാഷണങ്ങളും വീഡിയോകളും കഴിഞ്ഞ ഒരു വർഷമായി റിയാസ് പിന്തുടരുകയും പ്രചരിപ്പിക്കുകയും ചെയ്തു. നേരത്തെ ഐസിസിൽ ചേർന്ന കാസർകോട് സ്വദേശി അബ്ദുൾ റാഷീദുമായി ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നു. വളപട്ടണം ഐസിസ് കേസിൽ പ്രതിയും സിറിയയിൽ കഴിയുന്ന അബ്ദുൾ ഖയൂം എന്നയാളുമായി നിരന്തരം ഓൺലൈൻ ചാറ്റും നടത്തിയിരുന്നതായി റിയാസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കസ്‌റ്റഡിയിലുള്ള മറ്റ് നാലു പേരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

കഴിഞ്ഞ ന്യൂഇയർ ദിനത്തിൽ കേരളത്തിലെ വിവിധ ഇടങ്ങളിൽ സ‌്‌ഫോടനം നടത്താൻ റിയാസ് അടക്കമുള്ള ഐസിസ് അനുഭാവികൾ പദ്ധതിയിട്ടിരുന്നു. ഇതിനായി വൻ തോതിൽ സ്ഫോ‌ടക വസ്തുക്കൾ ശേഖരിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ കേരളത്തിൽ ആക്രമണം നടത്താൻ തങ്ങളുടെ മനസ് അനുവദിച്ചില്ലെന്നാണ് റിയാസ് നൽകിയിരിക്കുന്ന മൊഴി.