murder

ചേർത്തല: പിഞ്ചു കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊന്ന അമ്മ ആതിരയെ മാവേലിക്കര സബ് ജയിലിലേക്ക് മാ​റ്റി. ഇന്നലെ രാത്രി 7.30ഓടേയാണ് കോടതി നടപടികൾ പൂർത്തിയാക്കി ഇവരെ ജയിലിലേക്ക് മാറ്റിയത്.

സൗഹൃദം നടിച്ച് 20 മണിക്കൂറോളം പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കൂസലില്ലാതെയായിരുന്നു ആതിരയുടെ പ്രതികരണങ്ങൾ. ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകാതിരുന്ന ഇവർ ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി സ്‌​റ്റേഷനിലെത്തിയപ്പോൾ മാത്രമാണ് 'പ​റ്റിപ്പോയി' എന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞത്. രാത്രിയും ഇന്നലെ രണ്ടു നേരവും പൊലീസ് വാങ്ങി നൽകിയ ഭക്ഷണം മടികൂടാതെ കഴിച്ചു. മാനസിക പ്രശ്‌നങ്ങളുടേതായ ഒരു സൂചനയും ഇവരുടെ പ്രതികരണങ്ങളിൽ കാണാനായില്ലെന്നാണ് പൊലീസ് പറയുന്നത്. കിടപ്പുമുറിയിൽ കുട്ടിയെ അവസാനം കിടത്തിയ പുതപ്പും ആതിര ആ സമയങ്ങളിൽ ധരിച്ചിരുന്ന വസ്ത്രവും പൊലീസ് ശേഖരിച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അന്വേഷണം പൂർത്തിയാക്കാൻ ഡിവൈ.എസ്.പിയുടെ ചുമതലയുള്ള എ.എസ്.പി ആർ.വിശ്വനാഥിന്റെ മേൽനോട്ടത്തിൽ പട്ടണക്കാട് എസ്.ഐ അമൃതരംഗൻ, എ.എസ്.ഐ രാധാകൃഷ്ണൻ, സിവിൽ ഓഫീസർമാരായ ശ്രീവിദ്യ, ബൈജു, ജാക്‌സൺ, അരുൺകുമാർ, കിഷോർ എന്നിവരടങ്ങുന്ന ഏഴംഗ സംഘത്തെ ചുമതലപ്പെടുത്തി. കൂടുതൽ തെളിവുകൾക്കായി കൂടിയാലോചനകൾക്ക് ശേഷം ആതിരയെ പൊലീസ് കസ്​റ്റഡിയിൽ വാങ്ങുമെന്ന് എസ്.ഐ പറഞ്ഞു.