ന്യൂഡൽഹി : തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാതിയുമായി കോൺഗ്രസ് വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ പേരിൽ വോട്ടു തേടുന്നത് ആവർത്തിച്ചുവെന്ന് ആരോപിച്ചാണ് കോൺഗ്രസ് വീണ്ടും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. വാരണാസിയിൽ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖങ്ങളിലും മോദി പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിനൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.
ഇതുവരെ പത്തോളം പരാതികൾ നൽകിയിട്ടും തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി എടുത്തില്ല. മോദിയെ 48 മണിക്കൂറോ 72 മണിക്കൂറോ പ്രചാരണത്തിൽ നിന്ന് വിലക്കാൻ കമ്മിഷന് കഴിഞ്ഞില്ലെന്നും കോൺഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി ആരോപിച്ചു.
വാരാണസിയിൽ പ്രധാനമന്ത്രിക്കെതിരെ മുൻ സൈനികൻ തേജ്ബഹദൂറിനു മത്സരിക്കാൻ അവകാശമുണ്ട്. ജനാധിപത്യത്തിൽ ഏതൊരാൾക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമുണ്ട്. എന്നാൽ കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായിയെ പിൻവലിക്കില്ലെന്നും രൺദീപ് സിംഗ് സുർജേവാല വ്യക്തമാക്കി