warner

ഹൈദരാബാദ്: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെ 45 റൺസിന് കീഴടക്കി സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി.

ആദ്യം ബാറ്ര് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് 6 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടി. മറുപടിക്കിറങ്ങിയ പ‌ഞ്ചാബിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

ഓപ്പണർ ഡേവിഡ് വാർണറുടെ തകർപ്പൻ അർദ്ധ സെഞ്ച്വറിയാണ് ഹൈദരാബാദിന് മികച്ച ടോട്ടൽ സമ്മാനിച്ചത്. 56 പന്തിൽ 7 ഫോറും 2 സിക്സും ഉൾപ്പെടെ വാർണർ 91 റൺസ് നേടി. വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്കൊപ്പം (13 പന്തിൽ 28) മികച്ച തുടക്കമാണ് വാർണർ ഹൈദരാബാദിന് നൽകിത്. ഇരുവരും ഒന്നാം വിക്കറ്റിൽ 6.2 ഓവറിൽ 78 റൺസ് കൂട്ടിച്ചേർത്തു. സാഹയെ വിക്കറ്റ് കീപ്പർ സിമ്രൻ സിംഗിന്റെ കൈയിൽ എത്തിച്ച് മുരുകൻ അശ്വിനാണ് കൂട്ടുകെട്ട് പൊളിച്ചത്. മനീഷ് പാണ്ഡേ 25 പന്തിൽ 36 റൺസെടുത്തു.മുഹമ്മദ് നബി 10 പന്തിൽ 20 റൺസെടുത്തു. പഞ്ചാബിനായി മുഹമ്മദ് ഷമിയും ആർ.അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

പഞ്ചാബിനായി കെ.എൽ.രാഹുൽ (56 പന്തിൽ 79) പൊരുതി നോക്കിയെങ്കിലും നല്ല പിന്തുണ മറ്റുള്ളവരിൽ നിന്ന് ലഭിച്ചില്ല. റാഷിദ് ഖാനും ഖലീൽ അഹമ്മദും ഹൈദരാബാദിനായി 3 വിക്കറ്ര് വീതം വീഴ്ത്തി.