ന്യൂഡൽഹി: വോട്ടിംഗ് യന്ത്രത്തിനെതിരെ പരാതി നൽകിയാൽ കേസെടുക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രിംകോടതി തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്രസർക്കാരിനും നോട്ടീസ് അയച്ചു. വോട്ടിംഗ് മെഷിനും വിവിപാറ്റ് മെഷിനും തെറ്റായി പ്രവർത്തിക്കുന്നു എന്ന് പരാതി നൽകുന്നവ തങ്ങളുടെ ആരോപണം തെളിയിക്കണം എന്നതാണ് നിലവിലെ നിയമം. തന്റെ ആരോപണം തെളിയിക്കാനായില്ലെങ്കിൽ ആരോപണം ഉന്നയിച്ചവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നാണ് നിലവിലെ നിയമം. ഇതിനെതിരെയാണ് ഹർജി. ഇങ്ങനെ കേസെടുക്കുന്നത് ഭരണ ഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരാണെന്നാണ് ഹർജി നൽകിയ സുനിൽ അഹ്യ വാദിച്ചത്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ജസ്റ്റിസ് ദീപക് ഗുപ്ത, ശഞ്ജിവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. തിരഞ്ഞെടുപ്പ് ചട്ടത്തിലെ ഈ വ്യവസ്ഥകൾ സുതാര്യവും സത്യസന്ധവുമായ തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള മിഥ്യാബോധം മാത്രമാണ് ഉണ്ടാക്കുന്നതെന്ന് സുനിൽ അഹ്യ ഹർജിയിൽ പറയുന്നു. ക്രിമിനൽ കേസ് നേരിടേണ്ടിവരും എന്ന ഭയത്താൽ ആളുകൾ പരാതി നൽകാൻ മുന്നോട്ട് വരാതിരിക്കുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.