crime

ആലപ്പുഴ: 15 മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ അമ്മ ശ്വാസംമുട്ടിച്ചുകൊന്ന കേസിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഞെട്ടിക്കുന്ന ക്രൂരതകൾ. തങ്ങളുടെ സ്വൈര്യജീവിതത്തിന് കുട്ടി തടസമായതിനെ തുടർന്നാണ് കുഞ്ഞിനെ കൊന്നതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. പ്രതി മൊഴിനൽകിയതു പോലെ വായ പൊത്തിയപ്പോൾ അബദ്ധത്തിൽ കുട്ടി മരിച്ചതല്ലെന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതി ആതിരയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

വിവാഹം കഴിഞ്ഞനാൾ മുതൽ ആതിരയ്ക്ക് ഭർതൃവീട്ടുകാരുമായി സ്വരച്ചേർച്ചയില്ല. മകൾ സ്വൈര്യ ജീവിതത്തിന് തടസമാകുന്നു എന്ന തോന്നലുകൊണ്ടാണ് കുട്ടിയെ ഇല്ലാതാക്കിയത്. കുഞ്ഞു കരഞ്ഞപ്പോൾ പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ചെയ്തതാണെന്നും കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അബദ്ധം പറ്റിയാതാണെന്നും കുട്ടിയുടെ അമ്മ ആതിര നൽകിയ മൊഴി. എന്നാൽ കൊലപാതകം ആസൂത്രിതമാണെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പട്ടണക്കാട് പൊലീസ് വ്യക്തമാക്കുന്നു. കൊലപ്പെടുത്താനായി കുട്ടിയെ കിടപ്പുമുറിയിലേക്ക് കൂട്ടികൊണ്ടുപോയി. ശ്വാസം കിട്ടാതെ മരിക്കാനായി മുഖം കുത്തിപ്പിടിച്ചെന്നും റിമാൻഡ‌് റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ ശിക്ഷാനിയമം 302, കുട്ടികൾക്കെതിരായ അതിക്രമം തടയൽ നിയമം 75 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. റിമാൻഡിലായ ആതിരെയ മാവേലിക്കര സ്‌പെഷ്യൽ ജയിലിലേക്കാണ് മാറ്റിയത്.