valiathura-ground-

തിരുവനന്തപുരം: ഇന്ത്യൻ വനിതാ ഫുട്‌ബാൾ ക്യാപ്ടനായിരുന്ന ഏയ്ഞ്ചൽ മേരി തൊട്ട് കേരള താരങ്ങൾ വരെ പന്തു തട്ടിത്തുടങ്ങിയ മൈതാനം കടലെടുക്കുന്നതിന്റെ വക്കിൽ. തുടർച്ചയായ കടൽക്ഷോഭം കാരണം പകുതിയിലേറെയും നഷ്ടപ്പെട്ട വലിയതുറ ഫുട്‌ബാൾ അക്കാഡമിയുടെ മൈതാനമാണ് തീരദേശത്തിന്റെ ഫുട്‌ബാൾ ഭാവിയെ തന്നെ ആശങ്കയിലാഴ്ത്തുന്നത്. കഴിഞ്ഞ വർഷം ഉണ്ടായ വലിയ കടൽക്ഷോഭവും തിരയടിയും ദിവസങ്ങളോളം തുടർന്നതോടെയാണ് മൈതാനത്തിന്റെ പകുതിയോളവും കടലെടുത്തത്. ഇപ്പോൾ ഒരാഴ്ചയായി തുടരുന്ന കടൽക്ഷോഭത്തിൽ മൈതാനത്തിന്റെ വലിപ്പം വീണ്ടും ചുരുങ്ങി. ഇതോടെ ഒരേക്കർ സ്ഥലത്ത് നിലനിന്നിരുന്ന തിരുവനന്തപുരത്തിന്റെ തീരദേശ ഫുട്‌ബാളിന്റെ ഈറ്റില്ലമായ വലിയതുറ മൈതാനം 40 സെന്റിലേക്ക് ചുരുങ്ങി. പതിറ്റാണ്ടുകൾക്കു മുൻപ് തീരവാസികൾക്ക് കളിക്കാൻ സ്ഥിരമായി ഒരു മൈതാനം എന്ന നിലയ്ക്ക് പ്രദേശവാസികൾ തന്നെ ചെമ്മണ്ണ് ചുമന്നിട്ടാണ് മൈതാനം ഒരുക്കിയത്.

കേരള ഫുട്ബാളിലെ നിരവധി പ്രതിഭകളെ വാർത്തെടുത്ത മൈതാനമാണ് വലിയതുറയിലേത്. നെൽസൺ റോയ്, ഹെൻട്രി, എഡിസൺ, പാട്രിക് പെരേര, സേവ്യർ തുടങ്ങി കേരളം, ടൈറ്റാനിയം, എസ്.ബി.ടി, കേരള പൊലീസ് ടീമുകൾക്ക് വേണ്ടി കളിച്ച താരങ്ങളെല്ലാം വലിയതുറ മൈതാനത്തിന്റെ സംഭാവനകളാണ്. രണ്ടു വർഷം മുമ്പു വരെ ഫുട്‌ബാൾ മേജർ സെവൻസ് ടൂർണമെന്റുകളും ക്രിക്കറ്റ് ടൂർണമെന്റുകളും ഈ ഗ്രൗണ്ടിൽ നടന്നിരുന്നു. ഗാലറിയുൾപ്പെടെ കെട്ടി 10 രൂപ ടിക്കറ്റ് നിരക്കിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്. മുതിർന്ന താരങ്ങളും കുട്ടികളും രാവിലെയും വൈകുന്നേരവും വെവ്വേറെ സെഷനുകളിൽ പരിശീലനം നടത്തുകയും ചെയ്തിരുന്നു. ഇപ്പോൾ മുതിർന്നവർക്ക് കളിക്കാൻ വേണ്ടത്ര വലിപ്പം ഗ്രൗണ്ടിനില്ല. വലിയതുറ ഫുട്‌ബാൾ ക്ലബിലെയും വിവിധ സ്‌കൂളുകളിൽ നിന്നുമുള്ള കുട്ടികൾ മാത്രമാണ് ഗ്രൗണ്ടിൽ കളിക്കുന്നത്. കടൽ കയറി വരുന്നതിനുസരിച്ച് ഗോൾ പോസ്റ്റ് അകത്തേക്ക് മാറ്റുകയാണ് അവർ ചെയ്യുന്നത്. വലിയ കിക്കുകൾ കടലിൽ പതിക്കും. ക്രിക്കറ്റ് കളി ഇവിടെയിനി സാദ്ധ്യമല്ല. വലിയതുറ ഫുട്‌ബാൾ അക്കാഡമി വേറെ ഗ്രൗണ്ടിനെയാണ് ആശ്രയിക്കുന്നത്.


വലിയതുറ പാലത്തിനു സമീപമുള്ള ഈ മൈതാനത്തിന് താഴെ അടുത്ത കാലം വരെ അഞ്ച് നിരയിൽ വീടുകളും തീരവും ഉണ്ടായിരുന്നു. പത്തു വർഷത്തിനിടെയാണ് കടൽക്ഷോഭം ഇത്രയും രൂക്ഷമായത്. ഘട്ടം ഘട്ടമായി തീരം കടലെടുത്തു കൊണ്ടിരുന്നു. ഇതോടെയാണ് തീരവും വീടുകളും പിറകിലെ ഗ്രൗണ്ടും കടലെടുത്തു തുടങ്ങിയത്. ഇതിൽ തന്നെ കഴിഞ്ഞ വർഷം മാസങ്ങളോളം നീണ്ട കടൽക്ഷോഭം സ്ഥിതി ദയനീയമാക്കി. ഇപ്പോഴത്തെ കടൽക്ഷോഭം ജൂണിൽ മഴക്കാലത്തും ഇതേ തീവ്രതയോടെ തുടർന്നാൽ ഗ്രൗണ്ടിന്റെ ബാക്കി ഭാഗവും ഏഴു വരി വരെ വീടുകളും കടലെടുക്കുമെന്ന് തീരവാസികൾ പറയുന്നു. വലിയതുറയിൽ തീരം നഷ്ടപ്പെടുന്നതിനൊപ്പം കടലിന്റെ ആഴവും വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ടെന്നും പ്രദേശവാസികളുടെ സാക്ഷ്യം. വിഴിഞ്ഞം പദ്ധതിയുടെ നിർമ്മാണവും വലിയതുറ തീരത്തിന്റെ സ്വാഭാവികതയെ ബാധിച്ചിട്ടുണ്ടെന്ന് തീരവാസികൾ പറയുന്നു. ഉടനടി പുലിമുട്ട് സ്ഥാപിച്ചില്ലെങ്കിൽ തീരത്തെ വീടുകളും മൈതാനവും ഓർമ്മയായി മാറുമെന്നാണ് തീരവാസികളുടെ ആശങ്ക. സമീപത്തെ തുറമുഖ വകുപ്പിന്റെ സ്ഥലം കൂടി ചേർത്ത് മൈതാനം വിപുലപ്പെടുത്തി തീരത്തിന്റെ ഫുട്‌ബാൾ സംസ്‌കാരം നിലനിറുത്തണമെന്നാണ് തീരവാസികളുടെ ആവശ്യം.