വിഴിഞ്ഞം: പ്രകൃതി കനിഞ്ഞ് നൽകിയ തീരസൗന്ദര്യം പൂർണതോതിൽ ആസ്വദിക്കാനും തിരകളുടെ കുളിർമ നുകർന്ന് കടൽക്കാറ്റേറ്റ് നടക്കാനുമുള്ള അവസരമൊരുക്കി സഞ്ചാരികളെ മാടിവിളിക്കുകയാണ് ആഴിമല കടൽത്തീരം. കോൺക്രീറ്റ് കെട്ടിടങ്ങളോ മാലിന്യങ്ങളോ നിറയാത്ത സ്വാഭാവിക ബീച്ചാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. തീരത്തോട് ചേർന്ന ഹോട്ടലുകളിലെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാകുകയാണിവിടം. രാവിലെയും വൈകിട്ടും തീരത്തോട് ചേർന്ന ആഴിമല ശിവക്ഷേത്രത്തിലെ പൂജയോടനുബന്ധിച്ച മണിയടിശബ്ദം ഇവർക്ക് കൗതുകമാണ്. ഏതാനും ലൈഫ് ഗാർഡുകൾ, സുരക്ഷയ്ക്കായി നിയോഗിച്ച രണ്ടു പൊലീസുകാർ, വിദേശികൾക്ക് വിശ്രമിക്കാൻ ഏതാനും കുടകൾ എന്നിവയാണ് ഈ ടൂറിസം കേന്ദ്രത്തിൽ ആകെ ഉള്ളത്. കോവളം ബീച്ചിനെക്കാൾ സൗന്ദര്യം ഈ ബീച്ചിനുണ്ടെന്നും പക്ഷേ ടൂറിസം വകുപ്പ് വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം. കടലിൽ കുളിക്കുന്നവർക്കു ആവശ്യമായ സുരക്ഷ, തീരത്ത് വഴിവിളക്കുകൾ, ആവശ്യത്തിന് യാത്രാസൗകര്യം എന്നിവ ഒരുക്കിയാൽ ഇവിടെ വിനോദസഞ്ചാരത്തിന് വൻസാദ്ധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. കടലിനോടു ചേർന്ന ക്ഷേത്രത്തിൽ എത്തുന്ന ഭക്തർ ഇപ്പോൾ തന്നെ മണിക്കൂറുകളോളം ഇവിടെ തങ്ങുന്നുണ്ട്.
തീരത്തെ ഗുഹയും നീരുറവയും
പാണ്ഡവർ വനവാസകാലത്തു ഇവിടെ താമസിച്ചിരുന്നുവെന്ന ഐതിഹ്യങ്ങളിൽ ഉൾപ്പെട്ട കിണ്ണിക്കുഴി (പാണ്ഡവ തീർത്ഥം) എന്ന നീരുറവയും ഒരു ഗുഹയും ഇവിടെയുണ്ട്. ഇവ സംരക്ഷിച്ചാൽ സഞ്ചാരികൾക്ക് കൗതുകമായി മാറും. ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ട് ഈ നീരുറവയ്ക്കു പ്രാധാന്യം കല്പിക്കുന്നതിനാൽ തദ്ദേശീയരായ സഞ്ചാരികൾ ഇവിടെ എത്താറുണ്ട്.
പാറയിലെ പച്ചപ്പിലൊരു സെൽഫി
മണൽപ്പരപ്പിൽ നിന്നു നോക്കിയാൽ തീരത്തിന് സമീപം പാറക്കൂട്ടങ്ങളും കൈതക്കാടുകളും കാണാൻ കഴിയും. പാറക്കൂട്ടങ്ങൾക്കു സമീപത്തെ ചെറുവെള്ളക്കെട്ടും കള്ളിമുൾച്ചെടികളും സെൽഫി പ്രേമികളുടെ ഇഷ്ടസ്ഥലമാണ്. തീരത്തോട് ചേർന്ന പാറകളിൽ നിറഞ്ഞുനിൽക്കുന്ന കള്ളിമുൾ ചെടികൾ പ്രധാന ആകർഷണമാണ്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കള്ളിച്ചെടികൾ ഇത്രയധികം നിറഞ്ഞ് നിൽക്കുന്നത് അധികമൊരിടത്തും കാണാനാകില്ല. ബ്രിട്ടീഷുകാർ ഇന്ത്യയിൽ എത്തിയപ്പോൾ ഓരോ പ്രവിശ്യകളും വേർതിരിച്ചു സംരക്ഷിക്കാൻ ഇവ എത്തിച്ചതാണെന്ന് പഴമക്കാർ പറയുന്നു. പിന്നീട് നാട്ടുകാർ മൃഗങ്ങളിൽ നിന്നും കൃഷിയും അതിർത്തിയും സംരക്ഷിക്കാൻ ഇവ നട്ടുവളർത്തി. തീരത്തു നിന്നും ഉയർന്ന ഭാഗത്തു തെങ്ങിൻ തോപ്പുകളുമുണ്ട്. ഇതും തീരത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു.