തിരുവനന്തപുരം: ഇത് കുട്ടികൾക്ക് സൈക്കിൾ സവാരി നടത്താനും ട്രാഫിക് ബോധവത്കരണത്തിനുമായി തുടങ്ങിയ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ചാച്ചാ നെഹ്റു പാർക്ക് . നവീകരണമെന്ന പേരിൽ ഇപ്പോ ശരിയാക്കാം എന്ന് പറഞ്ഞ് 2016ൽ പൂട്ടിയ പാർക്ക് പിന്നെ തുറന്നിട്ടില്ല. മൂന്ന് വർഷത്തിലേറെയായി നവീകരണം കാത്ത് കിടക്കുകയാണ് പാർക്ക്. ചില്ലറ അറ്റകുറ്റപ്പണി മാത്രം ഉണ്ടായിരുന്ന പാർക്ക് ഇന്ന് പൂർണമായും നശിച്ചു കഴിഞ്ഞു.
തുരുമ്പെടുത്ത് ഒടിഞ്ഞ് തൂങ്ങിയ സൈക്കിളുകൾ, ഒടിഞ്ഞ് തൂങ്ങിയ ട്രാഫിക് ലൈറ്റുകൾ, അടഞ്ഞ ഐസ്ക്രീം പാർലർ, സൈക്കിൾ ട്രാക്കിൽ ഒടിഞ്ഞ് വീണ് കിടക്കുന്ന കാറ്റാടി മരങ്ങൾ തുടങ്ങിയവയാണ് ഇന്ന് ചിൽഡ്രൻസ് പാർക്കിൽ കാണാൻ കഴിയുന്നത്.
സൈക്കിളുകളുടെ ശ്മശാനം
1990ൽ കുട്ടികൾക്ക് ട്രാഫിക് നിയമങ്ങളെക്കുറിച്ച് പരിശീലനം നൽകാൻ ജില്ലാ ഭരണകൂടമാണ് പാർക്ക് സ്ഥാപിച്ചത്. പിന്നീട് ചുമതല ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് (ഡി.ടി.പി.സി) കൈമാറി. 2010ൽ ഇടത് സർക്കാരിന്റെ കാലത്ത് പുതിയ 28 സൈക്കിളുകൾ വാങ്ങിയും ട്രാക്കുനിർമ്മിച്ചും സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചുമൊക്കെ കോടികളുടെ നവീകരണമാണ് ഇവിടെ നടത്തിയത്. മണിക്കൂറിൽ പത്ത് രൂപ വച്ച് ഈടാക്കി സാധാരണക്കാരായ കുട്ടികൾക്ക് സൈക്കിൾ സവാരിക്ക് അവസരമൊരുക്കി. എന്നാൽ അഞ്ച് വർഷം തികയും മുമ്പ് പാർക്ക് അടച്ചുപൂട്ടി. നിലവിൽ ട്രാക്കിൽ ഉപേക്ഷിക്കപ്പെട്ട വിധത്തിൽ ഇരുപത്തിയെട്ടോളം സൈക്കിൾ മഴയും വെയിലുമേറ്റ് നശിക്കുന്നു. പാർക്കിനുള്ളിലെ ഗോഡൗണിൽ ഇരുപത്തഞ്ചോളം സൈക്കിൾ കൂട്ടിയിട്ടിരിക്കുന്നു.
പാർക്ക് മുഴുവൻ കാട് പിടിച്ചുകിടക്കുകയാണ്. ശംഖുംമുഖം വികസനത്തിനായി ലക്ഷങ്ങളാണ് ഡി.ടി.പി.സി പൊടിപൊടിക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും അതൊന്നും ഇവിടെ കാണാനാകില്ലെന്ന് മാത്രം. അവധിക്കാലത്തും അവധിദിവസങ്ങളിലുമടക്കം നിരവധി പേർ കുട്ടികളുമായി ഇവിടെ എത്തിയിരുന്നു.
പൊട്ടിയ ട്രാക്കും പൊളിഞ്ഞ സിഗ്നലും
കുട്ടികൾക്ക് വിനോദത്തോടൊപ്പം പൊതു വിജ്ഞാനവും പകരുന്നതിനാണ് ട്രാഫിക് സിഗ്നലുകൾ ഉൾപ്പെടെയുള്ള സൈക്കിൾ ട്രാക്ക് നിർമ്മിച്ചത്. ട്രാക്കിന്റെ ടൈലുകൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ് ഇപ്പോൾ. ട്രാഫിക് സിഗ്നലുകളാകട്ടെ പൊട്ടിപ്പൊളിഞ്ഞ നിലയിലും. പോരാത്തത്തിന് മരങ്ങൾ ഒടിഞ്ഞ് വീണും മറ്റും ട്രാക്കിലുള്ള മാർഗ തടസവും. തൊട്ടു മുന്നിലുള്ള റെസ്റ്റോറന്റിന്റെ അടുക്കളഭാഗം പാർക്കിലേക്കാണ് തുറന്നിരിക്കുന്നത്. ഇവിടെ നിന്നുള്ള മലിനജലമടക്കം പാർക്കിലേക്കാണ് ഒഴുകി എത്തുന്നത്. കൊതുകു കാരണം പാർക്കിൽ നിൽക്കാനാകാത്ത അവസ്ഥയാണ്. ഡി.ടി.പി.സിക്ക് മികച്ച വരുമാനമുണ്ടാക്കിയിരുന്ന പദ്ധതിയാണ് അധികാരികളുടെ അനാസ്ഥ മൂലം കാടുകയറിയും തുരുമ്പെടുത്തും നശിക്കുന്നത്. നവീകരണത്തിന് വേണ്ടിയാണ് പാർക്ക് പ്രവർത്തനം നിറുത്തിവച്ചതെന്നാണ് അധികൃതർ പറയുന്നതെങ്കിലും അതിനായുള്ള പ്രോജക്ട് റിപ്പോർട്ട് പോലും തയ്യാറായിട്ടില്ലെന്നാണ് വിവരം.
സാമൂഹിക വിരുദ്ധരുടെ താവളം
പാർക്ക് അടച്ചുപൂട്ടിയെങ്കിലും ആർക്കുവേണമെങ്കിലും പാർക്കിനുള്ളിൽ കടന്നുചെല്ലാം എന്നതുകൊണ്ട് തന്നെ പാർക്ക് സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണ്. അതിനുള്ള തെളിവാണ് പാർക്കിലെ പലഭാഗത്തും കൂടിക്കിടക്കുന്ന മദ്യക്കുപ്പികളും നിരോധിത പുകയില ഉത്പന്നങ്ങളുടെ കവറുകളും. പോരാത്തതിന് മാലിന്യം ശേഖരിക്കാനുള്ള വീപ്പയടക്കം പാർക്കിന്റെ ഒരു കോണിലാണ് നിക്ഷേപിച്ചിരിക്കുന്നത്.