തിരുവനന്തപുരം : ഇന്റർലോക്ക് ഇടാൻ വന്ന കരാറുകാരൻ റോഡ് കുത്തിപ്പൊളിച്ച് കടന്നു. പാറക്കഷണങ്ങളും സിമന്റ് കട്ടകളും ഇളകിക്കിടക്കുന്ന റോഡിലൂടെ കാൽനടപോലും സാദ്ധ്യമല്ലാതെ ബുദ്ധിമുട്ടുകയാണ് നാട്ടുകാർ. നഗരസഭയിലെ മണക്കാട് കല്ലാട്ട് നഗറിലെ കല്ലാട്ടുമുക്ക് പള്ളിക്ക് സമീപത്തെ ഇടറോഡാണ് സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നത്. ഇക്കഴിഞ്ഞ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കല്ലാട്ട് നഗറിലെ കെ.എൻ 139 മുതൽ കെ.എൻ 143 വരെയുള്ള ഇടറോഡ് ഇന്റർലോക്ക് ചെയ്യുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. മൂന്ന് മീറ്റർ വീതിയുള്ള ഈ റോഡിനെ പുനരുദ്ധരിക്കണമെന്ന ആവശ്യപ്രകാരമായിരുന്നു പദ്ധതിയുടെ തുടക്കം.
പണി ഏറ്റെടുത്ത കരാറുകാരൻ റോഡിലുള്ള കോൺക്രീറ്റിന്റെ ഉപരിതലത്തിലെ ഒന്നര ഇഞ്ച് കനത്തിലുള്ള സിമന്റ് പ്ലാസ്റ്ററിംഗ് മാത്രമാണ് പൊളിച്ചുമാറ്റി പണി ആരംഭിച്ചത്. എന്നാൽ റോഡിലെ മുഴുവൻ കോൺക്രീറ്റും പൊട്ടിച്ചുമാറ്റണമെന്ന നിലപാടിലായിരുന്നു സ്ഥലവാസികൾ. അതിനുള്ള പണം എസ്റ്റിമേറ്റിൽ ഇല്ലെന്നും മുഴുവൻ കോൺക്രീറ്റും പൊട്ടിച്ചുമാറ്റാൻ വേണ്ടിവരുന്ന അധികതുക നാട്ടുകാർ നൽകണമെന്നുമായിരുന്നു കരാറുകാരന്റെ നിലപാട്. റോഡിൽ രണ്ടിഞ്ച് കനത്തിലുള്ള ഇന്റർലോക്ക് കട്ടകളാണ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതെന്നും അയാൾ നാട്ടുകാരോട് പറഞ്ഞിരുന്നു.
എന്നാൽ രണ്ട് ഇഞ്ച് കനത്തിലുള്ള ഇന്റർലോക്ക് റോഡിൽ സ്ഥാപിച്ചാൽ പെട്ടെന്ന് പൊട്ടിപ്പോകുമെന്ന സംശയം ഉണ്ടായതിനാൽ നാട്ടുകാർ ചേർന്ന് നിർമ്മാണ പ്രവൃത്തി തടഞ്ഞു. ഇതോടെ പണി അവസാനിപ്പിച്ച് കരാറുകാരനും പോയി. ലോറി ഗതാഗതം വരെയുള്ള റോഡിൽ പത്തുകൊല്ലമായി നിർമ്മാണം നടത്താതെ തകർച്ചയിലാണ്. കൂനിന്മേൽകുരുപോലെ റോഡിനെ കുത്തിപ്പൊളിച്ചിടുകയും പിന്നാലെ പണി അവസാനിപ്പിക്കുകയും ചെയ്തതോടെ നാട്ടുകാർ കഷ്ടത്തിലായിരിക്കുകയാണ്. പൊളിഞ്ഞ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളും കേടുപാടിലായിരിക്കുകയാണ്. കൗൺസിലർ, കോർപറേഷൻ ഉദ്യോഗസ്ഥർ എന്നിവരോട് പലവട്ടം പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നഗരസഭ നടപടി സ്വീകരിക്കണം. മാസങ്ങളായി നീളുന്ന അധികൃതരുടെ അവഗണന അവസാനിപ്പിക്കണം.
എ. ഷാഹുൽഹമീദ്, സെക്രട്ടറി, കല്ലാട്ട് നഗർ റസിഡന്റ്സ് അസോസിയേഷൻ