തിരുവനന്തപുരം: കുടിക്കാനും കുളിക്കാനും പോയിട്ട് പ്രാഥമികാവശ്യം നിറവേറ്റാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ജനറൽ ആശുപത്രിയിലെ രോഗികൾ. വെള്ളമില്ലാത്തതിനാൽ കാര്യങ്ങൾ നടത്തണമെങ്കിൽ കുപ്പിവെള്ളം തന്നെ ആശ്രയം. കഴിഞ്ഞ ഏതാനും ആഴ്ചകളായി രോഗികളും കൂട്ടിരിപ്പുകാരും അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. രോഗികളുടെ പരാതികളിലും പ്രതിഷേധത്തിലും ജീവനക്കാരും പൊറുതി മുട്ടി. പൈപ്പ്ലൈൻ കണക്ഷന് വർഷങ്ങൾക്ക് മുമ്പ് വാട്ടർ അതോറിട്ടിയിൽ നൽകിയ അപേക്ഷയിൽ റോഡ് മുറിച്ച് കണക്ഷൻ നൽകുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് ആശുപത്രിയിലെ കുടിവെള്ളക്ഷാമത്തിന് കാരണം.
വാട്ടർ അതോറിട്ടിയിൽ നിന്ന് ടാങ്കറുകളിലെത്തിക്കുന്ന വെള്ളമാണ് ആശ്രയം. രണ്ട് ടാങ്കറുകളിലായി പ്രതിദിനം പതിനായിരം ലിറ്രർ വെള്ളം എത്തിച്ചുകൊണ്ടിരുന്നെങ്കിലും വേനൽ കടുത്തതോടെ ഒരു ടാങ്കർ വെള്ളമാണ് എത്തുന്നത്. ഒപ്പം പേവാർഡിന് സമീപത്തെ പമ്പ് ഹൗസിൽ നിന്ന് വാർഡുകളിലേക്ക് വെള്ളമെത്തിക്കുന്ന ഒരു പൈപ്പ് ലൈൻ താത്കാലികമായി അധികൃതർ അടച്ചു. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
ആശുപത്രി വളപ്പിലെ കിണറിൽ നിന്ന് വെള്ളം ലഭിക്കുന്ന രണ്ട് വാർഡുകളൊഴികെ ഐ.സി.യു, ഡയാലിസിസ്, ഓപ്പറേഷൻ തിയേറ്റർ, ലബോറട്ടറി, ഒരു ഡസനോളം വാർഡുകൾ എന്നിവയുടെയെല്ലാം പ്രവർത്തനം ദിവസങ്ങളായി അവതാളത്തിലാണ്. ടോയ്ലറ്റുകളുൾപ്പെടെ വൃത്തിഹീനമാണ്. അതിനാൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ രോഗികളും വലയുന്നു.
വെള്ളക്ഷാമം രൂക്ഷമായതോടെ സ്വകാര്യ ഏജൻസികളെ ആശുപത്രി അധികൃതർ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. രോഗികൾക്ക് കുടിക്കാനും ശസ്ത്രക്രിയയ്ക്കും ലബോറട്ടറി, ഡയാലിസിസ് യൂണിറ്റുകളുടെ പ്രവർത്തനത്തിനും ശുദ്ധജലം ആവശ്യമാണ്. തത്സ്ഥിതി തുടർന്നാൽ ലബോറട്ടറിയും ഡയാലിസിസ് യൂണിറ്റും തിയേറ്ററും അടച്ചിടേണ്ടിവരും. വെള്ളമില്ലാത്തതിനാൽ കഴിഞ്ഞ ദിവസം ലാബിന്റെ പ്രവർത്തനം മണിക്കൂറുകളോളം തടസപ്പെട്ടിരുന്നു. ശസ്ത്രക്രിയകൾ നടക്കുന്ന ഘട്ടത്തിലും മറ്റും വെള്ളമില്ലാതെ തിയേറ്ററിന്റെ പ്രവർത്തനം നിലച്ചാൽ ഗുരുതരമായ പ്രതിസന്ധിയാകും ഉണ്ടാകുക. ആശുപത്രിയിലെ കാന്റീന്റെ പ്രവർത്തനവും തകരാറിലായി. ചില വാർഡുകൾ അറ്റകുറ്രപ്പണികൾക്കായി അടച്ചിട്ടതിനോടൊപ്പം വെള്ളക്ഷാമം കൂടി രൂക്ഷമായതോടെ കിടപ്പുരോഗികളുടെ എണ്ണം പകുതിയായി കുറഞ്ഞു.