തിരുവനന്തപുരം: പെയിന്റ്, എണ്ണ, വെള്ളം, കരി, മണൽ എന്നിങ്ങനെ പല മാദ്ധ്യമങ്ങൾ ഉപയോഗിച്ച് ചിത്രം വരയ്ക്കുന്നവരെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ മനുഷ്യന്റെ മുടികൾ ഉപയോഗിച്ചു കൊണ്ടുള്ള ഛായാചിത്രങ്ങൾ കേൾക്കുമ്പോൾ വ്യത്യസ്തവും വിസ്മയവുമായി തോന്നാം. എന്നാൽ ബാലരാമപുരം നെല്ലിമൂട്ടിൽ നിന്നുള്ള മിഥുനാണ് മുടിയിഴകൾ കൊണ്ട് മനോഹരങ്ങളായ ചിത്രങ്ങൾ സൃഷ്ടിച്ചെടുക്കാൻ കഴിയുമെന്ന് തെളിയിച്ചത
മൂന്ന് വർഷങ്ങൾക്ക് മുൻപ് പുതുച്ചേരിയിൽ വാസ്തുവിദ്യാ പഠനത്തിന്റെ ഭാഗമായി നടത്തിയ ഒരു പ്രോജക്ടാണ് ഈ കലയ്ക്ക് വഴിതെളിച്ചത്. കെട്ടിട നിർമ്മാണം നടത്തുന്നതിനായി ചെളിയുടെയും മനുഷ്യന്റെ മുടിയുടെയും ശക്തി പരിശോധിക്കുകയുണ്ടായി. ഇതിലൂടെയാണ് മനുഷ്യന്റെ മുടി ഉപയോഗിച്ച് ചിത്രങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ച് മിഥുൻ ചിന്തിച്ചത്. വീടിനടുത്തുള്ള ബാർബർഷോപ്പിൽ നിന്നുമാണ് മുടികൾ ശേഖരിച്ചിരുന്നത്. മഡോണ എന്ന ഛായാചിത്രമാണ് ആദ്യമായി നിർമ്മിച്ചത്. ഈ ഛായാചിത്രത്തിലൂടെ ധാരാളം അഭിനന്ദനവും അതുപോലെ കുറ്റപ്പെടുത്തലും ലഭിച്ചു. എങ്കിലും ഉറച്ച മനസോടെ 'അവ തലമുടിയാണെന്നും മോശപ്പെട്ട ഒന്നല്ലെന്നു"മുള്ള സന്ദേശമാണ് മിഥുൻ ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുന്നത്.
24 വയസുള്ള ഈ കലാകാരൻ മഹാത്മാഗാന്ധി, സച്ചിൻ ടെൻഡുൽക്കർ തുടങ്ങിയ പ്രശസ്തരായ വ്യക്തികളുടെ ചിത്രങ്ങളും വരച്ചിട്ടുണ്ട്. ചിത്രങ്ങൾ നിർമ്മിക്കുന്നതിനുള്ള മുടികൾ ലഭിക്കുന്നത് കുറഞ്ഞതുമൂലം അദ്ദേഹം സ്വന്തം തലമുടിയും താടിയും വളർത്തി ഛായാചിത്രങ്ങൾ നിർമിക്കുന്നതിനായി ഉപയോഗിച്ചു തുടങ്ങി. തന്റെ സുഹൃത്തുക്കളിൽ നിന്നു ശേഖരിച്ച മുടിയുപയോഗിച്ച് പത്ത് ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. മുടികൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഛായാചിത്രങ്ങൾ മിഥുനിൽ അലർജി മുതലായ വെല്ലുവിളികൾ ഉണ്ടാക്കിയിട്ടുണ്ട്. മുടികൾ ഓരോ അളവുകളിൽ മുറിക്കുന്നതിനാണ് കൂടുതൽ സമയം ചെലവഴിക്കുന്നത്. പിന്നീട് ഫോർവാൽഹൈഡെയ്സ് തളിച്ച് 20-30 മിനിട്ട് ഉണങ്ങിയശേഷം അളവുകളിൽ മുറിച്ച് സൂചി ഉപയോഗിച്ച് ക്രമീകരിക്കുന്നു. അവസാന അത്താഴം എന്ന ചിത്രത്തിലാണ് മുടികൾ ഒട്ടിക്കാനായി പശ ഉപയോഗിച്ചത്.
ഊട്ടിയിലെ ആർകിടെക്ചർ കോളേജിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്ന മിഥുൻ മുടിയിഴകൾ കൊണ്ട് മാത്രമല്ല ചെളികൊണ്ടും ചിരട്ട കൊണ്ടും മറ്റ് അനവധി വസ്തുക്കൾ കൊണ്ടും മോഡൽ നിർമ്മിക്കാറുണ്ട്. 87,457 അരിമണികൾ കൊണ്ട് വീണയുടെ ചിത്രം നിർമ്മിച്ചിട്ടുണ്ട്. ഇപ്പോൾ മിഥുന്റെ ലക്ഷ്യം ഏറ്റവും കൂടുതൽ മുടിയിഴകൾ കൊണ്ട് നിർമ്മിച്ച ചിത്രത്തിനുള്ള ലോക റെക്കാഡ് കരസ്ഥമാക്കുകയെന്നതാണ്. അതിനായി കേരളത്തിന്റെ തനതായ സൗന്ദര്യം വിളിച്ചുകാട്ടുന്ന ഒരു ചിത്രം നിർമ്മിക്കാനാണ് മിഥുൻ പരിശ്രമിക്കുന്നത്.