മേയ് മാസം തിരശ്ശീലയിൽ വിപ്ളവം തീർക്കാനൊരുങ്ങുന്നത് തമിഴ് ചിത്രങ്ങൾ. പതിനേഴ് തമിഴ് ചിത്രങ്ങളാണ് അടുത്ത മാസം റിലീസിനൊരുങ്ങുന്നത്. ഇതിൽ പകുതിയോളം ചിത്രങ്ങൾ തമിഴകത്ത് റിലീസ് ചെയ്യുന്ന അതേദിവസം തന്നെ കേരളത്തിലുമെത്തും. മലയാളി താരങ്ങളുടെ സാന്നിദ്ധ്യമാണ് ഇതിൽ പല ചിത്രങ്ങളുടെയും സവിശേഷത. നാല് ചിത്രങ്ങളിൽ മലയാളി നായികമാരും രണ്ട് ചിത്രങ്ങളിൽ മലയാളി വില്ലന്മാരും ഒരു ചിത്രത്തിൽ മലയാളി നായകനും അണിനിരക്കുമ്പോൾ ഒരു ചിത്രത്തിന് സംഗീതമൊരുക്കുന്നതും മലയാളിയാണ്.
ലേഡി സൂപ്പർ സ്റ്റാർ നയൻതാര നായികയാകുന്ന മിസ്റ്റർ ലോക്കലാണ് മേയ് റിലീസുകളിൽ ആദ്യമെത്തുന്ന ചിത്രങ്ങളിലൊന്ന്.
സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജ നിർമ്മിച്ച് രാജേഷ്. എം സംവിധാനം ചെയ്യുന്ന മിസ്റ്റർ ലോക്കലിൽ ശിവ കാർത്തികേയനാണ് നായകൻ. രാധികാ ശരത്കുമാർ, യോഗി ബാബു, എസ്.ജെ. സൂര്യ, വടിവേലു, വിവേക്, മൊട്ട രാജേന്ദ്രൻ, നാരായൺ, ലക്കി എന്നിവരാണ് മറ്റ് താരങ്ങൾ.ഹിപ്ഹോപ്പ് തമിഴയാണ് ഈ റൊമാന്റിക് കോമഡി ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്.വേലൈക്കാരന് ശേഷം നയൻതാരയും ശിവ കാർത്തികേയനും നായികാ നായകന്മാരാകുന്ന ഇൗ ചിത്രത്തിന്റെ ഛായാഗ്രാഹകൻ ദിനേശ് കൃഷ്ണനാണ് .
മഞ്ജിമ മോഹൻ നായികയാകുന്ന ദേവരാട്ടമാണ് മേയ് റിലീസുകളിൽ ആദ്യമെത്തുന്ന മറ്റൊരു ചിത്രം. മേയ് ഒന്നിന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ ഗൗതം കാർത്തിക്കാണ് നായകൻ. കോമഡി താരം സൂരി മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ. ഇ. ജ്ഞാനവേൽ രാജയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. എം. മുത്തയ്യ സംവിധാനം ചെയ്യുന്ന ദേവരാട്ടം ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രമാണ്. ശക്തി ശരവരൺ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് ചിത്രസംയോജനവും നിവാസ്. കെ. പ്രസന്ന സംഗീത സംവിധാനവും നിർവഹിക്കുന്നു.
ബമ്പർ ഹിറ്റായ മോഹൻലാൽ ചിത്രം ലൂസിഫറിന്റെ തമിഴ് ഡബ്ബിംഗ് പതിപ്പ് മേയ് മൂന്നിന് തമിഴകമെങ്ങും റിലീസ് ചെയ്യും. മോഹൻലാൽ തന്നെയാണ് തമിഴ് പതിപ്പിനും ശബ്ദം നൽകിയിരിക്കുന്നത്. അഥർവയും ഹൻസികയും നായകനും നായികയുമാകുന്ന 100, അരുൾ നിധിയും ശ്രദ്ധാ ശ്രീനാഥും നായകനും നായികയുമാകുന്ന കെ 13 എന്നിവയാണ് മേയ് മൂന്നിന് തിയേറ്ററുകളിലെത്തുന്ന തമിഴ് ചിത്രങ്ങൾ.
സാം ആന്റൺ രചനയും സംവിധാനവും നിർവഹിക്കുന്ന 100-ൽ യോഗിബാബു ഹരിജ, മൈം ഗോപി, രാഹുൽദേവ്, രാധാരവ, രമേഷ് കണ്ണ, വി.ടി.വി. ഗണേഷ്, ആകാശ് ദീപ് സെയ്ഗാൾ എന്നിവരാണ് മറ്റ് താരങ്ങൾ.നവാഗതനായ ഭരത് നീലകണ്ഠൻ രചനയും സംവിധാനവും നിർവഹിക്കുന്ന സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലറായ കെ - 13ൽ യോഗിബാബു ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു.എസ്.പി. ശങ്കറും ശാന്തിപ്രിയയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീത സംവിധായകൻ സാം എസ്.എസ്. ആണ്.
ജൂനിയർ എൻ.ടി.ആർ അഭിനയിച്ച സൂപ്പർ ഹിറ്റ് തെലുങ്ക് സിനിമയായ ടെംപറിന്റെ തമിഴ് റീമേക്കാണ് അയോഗ്യ.
വിശാൽ നായകനാകുന്ന ഈ ആക്ഷൻ ത്രില്ലർ മേയ് പത്തിന് പ്രദർശനശാലകളിലെത്തും. വെങ്കട്ട് മോഹൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ രാഷി ഖന്നയാണ് വിശാലിന്റെ നായിക. ബി. മധു നിർമ്മിക്കുന്ന അയോഗ്യയുടെ ഛായാഗ്രഹണം വി. കാർത്തിക്കും സംഗീത സംവിധാനം സാം. സി.എസും നിർവഹിക്കുന്നു.പാർത്ഥിപൻ, കെ.എസ്. രവികുമാർ, വംശികൃഷ്ണ, സനാഖാൻ, എം.എസ്. ഭാസ്ക്കർ, ആർ.ജെ. ബാലാജി, സോണിയ അഗർവാൾ, ശ്രദ്ധ ദാസ് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
മാടമ്പി, പ്രണയകാലം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മലയാളി താരം അജ്മൽ അമീർ നായകനാകുന്ന നുങ്കബാക്കം (സ്വാതി കൊല വഴക്ക്) മേയ് പതിനാലിനാണ് റിലീസ് ചെയ്യുന്നത്.രമേഷ് ശെൽവൻ ഡി.എസ്. സംവിധാനം ചെയ്യുന്ന നുങ്കബാക്കത്തിൽ ആയിരയാണ് നായിക. ആറ്റ്ലി സംവിധാനം ചെയ്ത വിജയ് ചിത്രമായ തെരിയിൽ സാമന്തയയുടെ സഹോദരിയായഭിനയിച്ച നടിയാണ് ആയിര. സാം. ഡി. രാജാണ് നുങ്കബാക്കത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
വിജയ് സേതുപതിയും അഞ്ജലിയും ജോടികളാകുന്ന ആക്ഷൻ ത്രില്ലറായ സിന്ധുബാദ് മേയ് 16നാണ് റിലീസാകുന്നത്. എസ്.യു. അരുൺകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് യുവൻ ശങ്കർ രാജയാണ്. കാമറ: വിജയ് കാർത്തിക്ക് കണ്ണൻ. ഷാൻ സുദർശൻ രാജരാജൻ, എസ്.എൻ. എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.
മേയ് 19ന് മലയാളി താരം ജി.പി. (ഗോവിന്ദ് പത്മസൂര്യ) വില്ലൻ വേഷത്തിൽ തമിഴിൽ അരങ്ങേറുന്ന കീ തിയേറ്ററുകളിലെത്തും. കലീസ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ സയൻസ് ഫിക്ഷൻ സൈക്കോളജിക്കൽ ത്രില്ലറിൽ നിക്കി ഗൽറാണിയും ജീവയുമാണ് നായികാ നായകന്മാരാകുന്നത്.തമിഴിനൊപ്പം തെലുങ്കിലും റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അഭിനന്ദൻ രാമാനുജമാണ്. സംഗീതം: വിശാൽ ചന്ദ്രശേഖർ.
ഹാസ്യതാരം സന്താനം നായകനും വൈഭവി ഷാൻഡ്ലിയ നായികയുമാകുന്ന കോമഡി ചിത്രം സെർവർ സുന്ദരം മേയ് 20ന് റിലീസ് ചെയ്യും.ആനന്ദ് ബാൽക്കി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സെൽവകുമാറാണ്. സന്തോഷ് നാരായണന്റേതാണ് സംഗീതം.
നവാഗതനായ എലാൻ സംവിധാനം ചെയ്യുന്ന ഗ്രഹണത്തിൽ കൃഷ്ണയും പുതുമുഖം നന്ദിനിയുമാണ് നായകനും നായികയും. കരുണാസ്, കരുണാകരൻ എന്നിവരാണ് മറ്റ് താരങ്ങൾ.പി.വി. പ്രസാദ് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത് സുന്ദരമൂർത്തിയാണ്.മേയ് 23 ആണ് ഗ്രഹണത്തിന്റെ റിലീസ് ഡേറ്റ്.
വിക്രമാദിത്യൻ, മറിയംമുക്ക്, ബഷീറിന്റെ പ്രേമലേഖനം, ഒടിയൻ തുടങ്ങിയ ഒരുപിടി ചിത്രങ്ങളിൽ നായികയായും ഉപനായികയായും അഭിനയിച്ചിട്ടുള്ള സന അൽത്താഫ് നായികയാകുന്ന പുതിയ തമിഴ് ചിത്രമാണ് ആർ.കെ. നഗർ .ശരവണരാജൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ റൊമാന്റിക്ക് കോമഡിയിൽ വൈഭവ് റെഡ്ഢിയാണ് നായകനാകുന്നത്. സമ്പത്താണ് മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നത്.വെങ്കിടേഷ് ഛായാഗ്രഹണം നിർവഹിക്കുന്നു. മേയ് 26ന് ചിത്രം തിയേറ്ററുകളിലെത്തും.വെങ്കട്ട് പ്രഭു നിർമ്മിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ അദ്ദേഹത്തിന്റെ പിതാവായ ഗംഗെ അമരനും സംഗീത സംവിധായകൻ അനുജൻ പ്രേംജി അമരനും നിർവഹിക്കുന്നു.
നാല് വർഷങ്ങൾക്കു മുൻപ് റിലീസായ സൂപ്പർഹിറ്റ് ചിത്രം ചതുരംഗ വേട്ടൈയുടെ രണ്ടാം ഭാഗമാണ് ചതുരംഗ വേട്ടൈ - 2.
വിനോദ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് നിർമ്മൽ കുമാറാണ്. വിനോദിന്റേതാണ് രചന.അരവിന്ദ് സ്വാമിയും തൃഷയും ജോടികളാകുന്ന ചിത്രത്തിൽ നാസർ, രാധാരവി, പ്രകാശ് രാജ്, ശ്രീറാം, വംശികൃഷ്ണ തുടങ്ങിയവരും വേഷമിടുന്നുണ്ട്.ഹാസ്യതാരവും സംവിധായകനുമായ മനോബാല നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് അശ്വമിത്രയാണ്.
ഒരേ സമയം തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ റിലീസാകുന്ന ചിത്രമാണ് നിൻ ട്രു കൊൾവാൻ.
വി.പി. ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ചേതൻ ചന്ദ്ര, കരുണദോഗ്ര എന്നിവരാണ് പ്രധാന താരങ്ങൾ. മലയാളി താരം രാജീവ് പിള്ളയാണ് പ്രതിനായക വേഷം അവതരിപ്പിക്കുന്നത്.മേയ് 29ന് ചിത്രം തിയേറ്ററുകളിലെത്തും.
വേൽമതി സംവിധാനം ചെയ്യുന്ന കോമഡി ചിത്രമായ ആണ്ടവ കാണോം ആണ് മേയ് 29ലെ മറ്റൊരു റിലീസ്. ബ്ളാക്ക്, ഭരത്ചന്ദ്രൻ ഐ.പി.എസ്, ഒരാൾ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ ശ്രീയാ റെഡ്ഢി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിനോദ് മുന്ന, അരുൺ ബ്രദർ, നവീൻ തുടങ്ങിയവരും വേഷമിടുന്നു. അശ്വമിത്രയാണ് സംഗീത സംവിധാനം നിർ വഹിക്കുന്നത്.
സൂപ്പർ താരം സൂര്യ നായകനാകുന്ന പൊളിറ്റിക്കൽ ത്രില്ലറായ എൻ.ജി.കെയാണ് മേയ് റിലീസുകളിൽ പ്രേക്ഷകർ ആവേശപൂർവം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്ന്. ശെൽവരാഘവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സായി പല്ലവിയും രാകുൽ പ്രീത് സിംഗുമാണ് നായികമാർ.എസ്.ആർ. പ്രഭു നിർമ്മിക്കുന്ന എൻ.ജി.കെയുടെ സംഗീതം യുവൻ ശങ്കർ രാജയുടേതാണ്. ശിവകുമാർ വിജയനാണ് ഛായാഗ്രാഹകൻ. ശരത്കുമാർ, ജഗപതി ബാബു, സമ്പത്ത്, മൻസൂർ അലിഖാൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മേയ് 31 - നാണ് എൻ.ജി.കെയുടെ റിലീസ്.
സൂപ്പർഹിറ്റായ ദേവിയുടെ രണ്ടാം ഭാഗം ദേവി 2 ആണ് മേയ് 31ന് റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രം. എ.എൽ. വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രഭുദേവയും തമന്നയുമാണ് നായകനും നായികയും. നന്ദിതയും കോവൈ സരളയുമാണ് ഈ ഹൊറർ കോമഡി ചിത്രത്തിലെ മറ്റു താരങ്ങൾ. മനുഷ് നന്ദൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗോപിസുന്ദറാണ്.
വിജയ് ദേവർകൊണ്ട നായകനാകുന്ന തെലുങ്ക് ചിത്രം ഡിയർ കോമ്രേഡിന്റെ തമിഴ് പതിപ്പും മേയ് 31ന് റിലീസാകും.
ഭരത് ഖന്ന സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ രശ്മിക മന്ദാനയും മലയാളി താരം ശ്രുതി രാമചന്ദ്രനുമാണ് നായികമാർ. യാഷ് രങ്കിനേനി നിർമ്മിക്കുന്ന ഡിയർ കോമ്രേഡിന്റെ സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരനാണ്.