ജീവിതശൈലീ രോഗങ്ങളിൽ വ്യാപകമായിക്കൊണ്ടിരിക്കുന്നതാണ് ഓസ്റ്റിയോപൊറോസിസ്. അസ്ഥികളുടെ ആരോഗ്യത്തിന് ഭീഷണിയായ ഈ രോഗത്തെ ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഒരു പരിധിവരെ പ്രതിരോധിക്കാം. അസ്ഥിയുടെ ബലം വർദ്ധിപ്പിക്കാൻ വ്യായാമം സഹായിക്കുന്നു. ദിവസവും 40 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. നടത്തം, ജോഗിങ്, സൈക്ലിങ് തുടങ്ങിയവയൊക്കെ നല്ല വ്യായാമമുറകളാണ്. വ്യായാമം ചെയ്യുമ്പോൾ അസ്ഥികളുടെ സാന്ദ്രത മൂന്നുശതമാനംവരെ കൂടുന്നതായി വിദഗ്ധർ പറയുന്നു. ഭക്ഷണത്തിൽ പാൽ, പയർവർഗങ്ങൾ, ഇലക്കറികൾ, നെല്ലിക്ക, കാത്സ്യം അടങ്ങിയ ചെറുമത്സ്യങ്ങൾ എന്നിവ ധാരാളം ഉൾപ്പെടുത്തണം. കാത്സ്യം ഗുളികകൾ കഴിക്കുന്നവർ ധാരാളം വെള്ളം കുടിക്കണം. ഇല്ലെങ്കിൽ വൃക്കയിൽ കല്ലുണ്ടാകും. രാവിലെ ഒൻപത് മണി വരെയുള്ള ഇളം വെയിലേൽക്കുന്നത് ജീവകം ഡി ഉത്പാദനം മെച്ചപ്പെടുത്തി അസ്ഥികളെ സംരക്ഷിക്കും.40 വയസിന് ശേഷം സ്ത്രീകളിൽ അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ കണ്ടുവരുന്നു. അതിനാൽ വ്യായാമം, കാത്സ്യം അടങ്ങിയ ഭക്ഷണം എന്നിവ ഉറപ്പാക്കണം.