fake-vote

കണ്ണൂർ-കാസർകോഡ് മണ്ഡലങ്ങളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കള്ളവോട്ട് നടന്നുവെന്ന പരാതിയിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ റിപ്പോർട്ട് തേടി. കണ്ണൂർ, കാസർകോഡ് ജില്ലാ കളക്‌ടർമാരോട് അന്വേഷണത്തിന് ശേഷം ഇന്നുതന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്നും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.


തിരഞ്ഞെടുപ്പ് ക‍ഴിഞ്ഞതിന് പിന്നാലെ കണ്ണൂർ, കാസർകോഡ് ജില്ലകളിലെ ലീഗ് അനുകൂല കേന്ദ്രങ്ങളിൽ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് പരാതി ഉയർന്നിരുന്നു. സംഭവം കൂടുതൽ വ്യക്തമാകുന്ന വിധത്തിൽ യുവാവ് കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളും,​ പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ ലീഗ് പ്രവർത്തകർ ബൂത്ത് കയ്യേറിയ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ആഷിഖ് കെ.എം എന്ന യുവാവ് 69ആം നമ്പർ ബൂത്തിൽ ഒന്നിൽ കൂടുതൽ തവണ വോട്ട് ചെയ്തതായി വീഡിയോയിൽ കാണാം. ഉദുമയിലെ 126ആം നമ്പർ ബൂത്തിലും കള്ളവോട്ട് നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ കാസർകോട്ട് യു.ഡി.എഫിന്റെ കളളവോട്ട് തടഞ്ഞ ഉദ്യോഗസ്ഥരെ ലീഗ് പ്രവർത്തകരായ ബൂത്ത് ഏജന്റുമാർ ഭീഷണിപെടുത്തുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഉദുമ 126ആം നമ്പർ ബുത്തിലായിരുന്നു സംഭവം.