isis-chief-

ബാഗ്‌ദാദ്: അഞ്ച് വർഷത്തിന് ശേഷം ആഗോള ഭീകര സംഘടനയായ ഐസിസ് തലവൻ അബൂബക്കർ അൽ- ബാഗ്‌ദാദിയുടെ വീഡിയോ പുറത്തുവന്നതായി റിപ്പോർട്ട്. തിങ്കളാഴ്ചയാണ് വീഡിയോ പുറത്തുവിട്ടത്. ഇത് എവിടെവെച്ച് എപ്പോൾ ചിത്രീകരിച്ചതാണെന്ന് വ്യക്തമായിട്ടില്ല. ബാഗ്ദാദി അനുയായികളെന്ന് തോന്നിക്കുന്ന മൂന്ന് പേരെ അഭിസംബോധന ചെയ്യുന്ന വീഡിയോയാണ് പുറത്തുവിട്ടത്. ബാഗ്ദാദിയൊഴിച്ച് മറ്റുള്ളവരുടെ മുഖം അവ്യക്തമാക്കിയിട്ടുണ്ട്

കിഴക്കൻ സിറിയയിലെ മാസങ്ങൾ നീണ്ട പോരാട്ടത്തെക്കുറിച്ചാണ് വീഡിയോയിൽ ഇയാൾ സംസാരിക്കുന്നത്. മുറിയിൽവെച്ച് മൂന്നുപേരുമായി സംസാരിക്കുന്ന വിധമാണ് ഇത് ചിത്രീകരിച്ചിട്ടുള്ളത്. ഇവരുടെ മുഖം മറച്ചനിലയിലാണ്. കൊല്ലപ്പെട്ട ഐസിസുകാർക്കുവേണ്ടി പ്രതികാരം ചെയ്യുമെന്നും കൂടുതൽ തിരിച്ചടികൾ ഉണ്ടാകുമെന്നും വീഡിയോയിൽ ബാഗ്ദാദി പറയുന്നുണ്ട്.

18 മിനിറ്റ് വീഡിയോ അവസാനിക്കുന്ന ഭാഗത്താണ് ശ്രീലങ്കൻ സ്ഫോടനം നടത്തിയവരെ അഭിനന്ദിച്ചുകൊണ്ട് ഇതൊരു തുടക്കം മാത്രമാണെന്ന് അൽ ബഗ്ദാദി പറയുന്നത്. അധികം വ്യക്തമല്ലാത്ത വീഡിയോയാണെങ്കിലും കഴിഞ്ഞ വർഷങ്ങളിൽ നടന്ന ഐസിസ് ഭീകരാക്രമങ്ങളെക്കുറിച്ച് പറയുന്നുണ്ട്. കഴിഞ്ഞ മാസം അവസാനിച്ച കിഴക്കൻ സിറിയയിലെ യുദ്ധത്തെക്കുറിച്ചാണ് ബാഗ്ദാദി പ്രധാനമായി സംസാരിക്കുന്നത്.

കുഷ്യനിലിരുന്ന് കാൽകയറ്റിവെച്ച് 'ബഗൂസ് യുദ്ധം കഴിഞ്ഞു' എന്ന് അനുയായികളോട് പറയുന്നു. അനുയായികളെ കൊന്നവരോടും ജയിലിലടച്ചവരോടും പകരം ചോദിക്കണമെന്നും വീഡിയോയിൽ പറയുന്നു. എന്നാൽ, ഇത് ബാഗ്ദാദിയാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. 2014-ൽ സിറിയയിലും ഇറാഖിലും ഖിലാഫത്ത് പ്രഖ്യാപിക്കാൻ മോസൂളിലാണ് ഇയാൾ അവസാനമായി ജനങ്ങൾക്ക് മുന്നിലെത്തിയത്. ഇതിനുശേഷം ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റതായും കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ വന്നിരുന്നു.