തിരുവനന്തപുരം: പോസ്റ്റൽവോട്ടിലെ അട്ടിമറി ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസർ ടീക്കാറാം മീണ പറഞ്ഞു. ഇതുസംബന്ധിച്ച് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ പരാതി അറിയിച്ചിരുന്നു. പരാതിയിൽ അന്വേഷണത്തിന് ഡി.ജി.പിയോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് അയച്ചിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായി ഒന്നു ചെയ്തിട്ടില്ലെന്നും ഇലക്ഷൻ സംബന്ധിച്ച് നിയമപ്രകാരമായിട്ടേ ചെയ്തിട്ടുള്ളൂവെന്നും ടീക്കാറാം മീണ വ്യക്തമാക്കി.
അതേസമയം, മുസ്ലിം ലീഗുകാർ കള്ളവോട്ട് ചെയ്തെന്ന പരാതിയിൽ തിരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി. കാസർകോട്, കണ്ണൂർ ജില്ലാ കലക്ടർമാരോടാണ് ടീക്കാറാം മീണ റിപ്പോർട്ട് തേടിയത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഇന്ന് തന്നെ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. കാസർകോട് ലോക്സഭ മണ്ഡലത്തിൽപെട്ട കല്യാശ്ശേരി നിയമസഭ മണ്ഡലത്തിലെ പുതിയങ്ങാടിയിൽ യു.ഡി.എഫ് പ്രവർത്തകർ കള്ളവോട്ട് ചെയ്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതായി എൽ.ഡി.എഫ് ആരോപിക്കുന്നത്.