k-muraleedharan

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോടതിയലക്ഷ്യ കേസ് കൊടുക്കുമെന്ന് കോൺഗ്രസ് നേതാവും വടകര യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ കെ.മുരളീധരൻ വ്യക്തമാക്കി. മുൻകാല തിരഞ്ഞെടുപ്പ് കാലത്ത് കണ്ടിട്ടില്ലാത്ത കാഴ്ചകളാണ് പാർട്ടി ഗ്രാമങ്ങൾ കൂടുതലുള്ള നിയോജക മണ്ഡലത്തിൽ മത്സരിച്ചപ്പോൾ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിജയ സാദ്ധ്യത ഉള്ളത് കൊണ്ട് റീപ്പോളിംഗ് ആവശ്യപ്പെടില്ലെന്നും കെ.മുരളീധരൻ പറഞ്ഞു.

പാർട്ടി ഗ്രാമങ്ങൾ കൂടുതലുള്ള നിയോജകമണ്ഡലങ്ങളിൽ മത്സരിച്ചപ്പോഴാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടും സ്വാതന്ത്ര്യം കിട്ടാത്ത സ്ഥലങ്ങൾ കേരളത്തിലുണ്ടെന്ന് തനിക്ക് മനസിലായത്. ഇലക്ഷൻ ദിവസം ചൊക്ലിയിലെ 157ആം നമ്പർ ബൂത്തിൽ തന്നെ തടഞ്ഞത് അവിടെ ഏജന്റുമാരെ നിയോഗിച്ചതിനാണ്. മുൻകാലങ്ങളിൽ അവിടെ അത്തരത്തിലൊരു പതിവില്ലായിരുന്നു. ഇപ്പോൾ അത് ചെയ്തതിന്റെ ദേഷ്യമാണ് തന്നോട് കാണിച്ചതെന്നും മുരളീധരൻ വ്യക്തമാക്കി.

ബൂത്തുകളിൽ രണ്ട് മിനിറ്റ‌ി‌ൽ കൂടുതൽ ചിലവാക്കിയിട്ടില്ലെന്നും പത്ത് മിനിറ്റ‌്‌ ചിലവാക്കിയെന്ന വാദം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് നേതാക്കന്മാർക്കെതിരെ നായ്ക്കരുണ പൊടി വിതറുന്നത് ആചാര വോട്ടിന്റെ ഭാഗമായാണെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞ കണക്കുകൾ മനസിലാക്കാൻ സാധിക്കുന്നില്ലെന്നും അത് വിശദമാക്കിയാൽ നന്നായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

162ബൂത്തുകൾ ഹൈപ്പർ സെൻസിറ്രിവാണെന്ന് കാണിച്ച് താൻ എഴുതിക്കൊടുത്തിട്ടും വോട്ടെടുപ്പ് ദിവസം ഒരു നടപടിയും സ്വീകരിച്ചില്ല. ഇത് സംബന്ധിച്ച് കോടതി ഉത്തരവിട്ടിട്ടും നടപടി സ്വീകരിക്കാത്ത തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസർക്കെതിരെയും കേസ് കൊടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, എൽ.ഡി.എഫ് സ്ഥാനാർത്ഥി എഴുതിക്കൊടുത്ത ബൂത്തുകളെ ഹൈപ്പർ സെൻസിറ്രിവ് ബൂത്തുകളായി പരിഗണിച്ചെന്നും മുരളീധരൻ പറഞ്ഞു. ഭൂരിപക്ഷം കുറയ്ക്കാൻ സാധിക്കുമെന്നല്ലാതെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിക്കാൻ പോണില്ല. അതുകൊണ്ട് മണ്ഡലത്തിൽ റീപ്പോളിംഗ് ആവശ്യപ്പടില്ലെന്നും കെ.മുരളീധരൻ വ്യക്തമാക്കി.